Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Monday, July 4, 2022

ഫ്രാൻസിസ് എന്ന നാമം മാർപ്പാപ്പ സ്വീകരിക്കാൻ കാരണക്കാരനായ കർദ്ദിനാൾ ക്ലൗദിയൊ ഹമ്മെസ് യാത്രയായി.



2013 ൽ നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ തെരഞ്ഞെടുപ്പിനുശേഷം ഏറെ ചർച്ചാവിഷയമായ ഒന്നാണ് അദ്ദേഹം തെരഞ്ഞെടുത്ത പേര്. തിരുസ്സഭയിൽ 3 പ്രധാനപ്പെട്ട ഫ്രാൻസിസ് നാമധാരികളായ വിശുദ്ധരുണ്ട്, ഈശോ സഭക്കാരനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ, പാവങ്ങളുടെ വിശുദ്ധനെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, വിശുദ്ധ ഫ്രാൻസിസ് ദി സാലെസ്. ഇവരിൽ ആരുടെ നാമമായിരിക്കും ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തത്? ഈ ചോദ്യത്തിന് അദ്ദേഹം തന്നെ 2013 മാർച്ച് പതിനാറാം തീയതി പത്രമാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ വിരാമമിട്ടു. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, അതായിരുന്നു അദ്ദേഹത്തിൻറെ ഉത്തരം.

അത് തെരഞ്ഞെടുക്കുവാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. കൊണ്ക്ലെവിലെ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനു ആവശ്യമായ ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചു കഴിഞ്ഞപ്പോൾ അടുത്തിരുന്ന ബ്രസീലിലെ സാൻ പൗളോയിലെ മുൻ ആർച്ച്ബിഷപ് ക്ലൗദിയൊ ഹമ്മെസ് ഒരുകാര്യം മാത്രം പുതിയ പാപ്പായോടു കൂട്ടുകാരനടുത്ത സ്വാതന്ത്ര്യത്തോടെ പറഞ്ഞു 'പാവങ്ങളെ ഒരിക്കലും മറക്കരുത്'. ഈ വാചകം അദ്ദേഹത്തെ വളരെയധികം സ്പർശിച്ചു. അങ്ങനെ പാവങ്ങളിൽ പാവമായി ജീവിച്ച സമാധാനത്തിൻറെ സന്ദേശമായിരുന്ന ഫ്രാൻസിസ് അസ്സീസ്സിയുടെ പേര് തന്നെയാണ് യുദ്ധങ്ങളാലും പട്ടിണിയാലും ക്ലേശമനുഭവിക്കുന്ന ഈ ലോകത്തിൽ മിശിഹായുടെ ദാസന്മാരിൽ ദാസനായി ശുശ്രുഷ നിർവഹിക്കേണ്ട മാർപാപ്പക്കു അനുയോജ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്മൂലം അദ്ദേഹം തിരുസ്സഭയുടെ ചരിത്രത്തിൽ ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുന്ന ആദ്യത്തെ മാർപാപ്പയായി.

തെരഞ്ഞെടുപ്പിനുശേഷം ഫ്രാൻസിസ് മാർപ്പാപ്പ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോൾ കർദ്ദിനാൾ ക്ലൗദിയൊ ഹമ്മെസ് അദ്ദേഹത്തിൻറെ ഇടത് വശത്തുണ്ടായിരുന്നു. പാവങ്ങളുടെ സംരക്ഷകൻ എന്ന് പേരുളള കർദ്ദിനാളിൻറെ സ്ഥാനികചിഹ്നം "Omnes vos fratres" ("All you brothers") ഫ്രാൻസിസ് അസ്സീസിയുടെ 'എല്ലാവരും സഹോദരന്മാർ' എന്ന വാചകത്തിൽ നിന്നും സ്വീകരിച്ചതാണ്. മാർപ്പാപ്പയുടെ Fratelli tutti എന്ന എൻസൈക്ലിക്കലും ഇതിൽ നിന്നും രൂപം കൊണ്ടതാണ്.

ബ്രസീലിലെ മോന്തെ നേഗ്രോയിൽ 1934 ലാണ് കർദ്ദിനാൾ ക്ലൗദിയൊ ഹമ്മെസ് ജനിച്ചത്. 2001 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്കുയർത്തി. ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയെ തെരഞ്ഞെടുത്ത 2005 ലെ കോൺക്ലേവിലും അദ്ദേഹം സന്നിഹിതനായിരുന്നു. വൈദികർക്കുള്ള കോൺഗ്രിഗേഷന്റെ പ്രീഫക്ട് ആയി ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ 2006 ൽ നിയമിച്ചു. എന്നാൽ പ്രായാധിക്യം മൂലം 2010 ൽ തൽസ്ഥാനം രാജിവെച്ചു. എന്നാലും ആമസോൺ സിനഡിലെ അദ്ദേഹം നല്കിയ പ്രധാനപ്പെട്ട സംഭാവനകൾ പരിഗണിച്ച് 2020 ജൂൺ 29-ന് അദ്ദേഹം ആമസോൺ സഭാ സമ്മേളനത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ജൂലൈ 4-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

റോമിലെ ചങ്ക് ബ്രദേഴ്സ്