Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Sunday, April 21, 2013

റോമിലെ തട്ടിപ്പുകൾ


റോം നഗരത്തിന്‍റെ ചരിത്രവും സംസ്കാരവും പ്രസക്തിയും ഏവർക്കും സുപരിചിതമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ സംസ്കാരവും ശില്പകലാസൗന്ദര്യവും  ഇന്നും അനേകായിരങ്ങളെ റോമിലേക്ക് ആകർഷിക്കുന്നു. എന്നാൽ ഈ വിശ്രുത നഗരം സന്ദർശിച്ച ചിലരെങ്കിലും കയ്പേറിയ അനുഭവങ്ങളുമായാണ് മടങ്ങുന്നത്.  അങ്ങനെ റോമിന്‍റെ മറ്റൊരു മുഖം കൂടി ലോകം അറിഞ്ഞു,വ്യത്യസ്തങ്ങളായ തട്ടിപ്പുകളുടെയും കവർച്ചകളുടെയും ഉപജ്ഞാതാക്കളായ അതിവിദഗ്ദരുള്ള ഒരു നഗരം. 

റോമിലെ ഒരു തട്ടിപ്പുവീരനും അദ്ദേഹത്തിൻറെ കാറും 


റോമിൽ തട്ടിപ്പിനും കവർച്ചക്കും ഇരയാകുന്നവരിൽ ബഹുഭൂരിപക്ഷവും വിദേശത്തു നിന്നുള്ള സന്ദർശകരും ഇവിടെ  ജോലി നോക്കുകയും പഠിക്കുകയും ചെയ്യുന്ന വിദേശികളുമാണ്. നൂറിൽ  പരം ഇന്ത്യക്കാരാണ് ഫോട്ടോയിൽ കാണുന്ന റോമിലെ തട്ടിപ്പുവീരനു ഇരയായത്(ഇത് പുറത്തു പറയാൻ ധൈര്യം കാണിച്ച കുറെ ഇന്ത്യക്കാരുടെ ഏകദേശ കണക്ക് മാത്രം) ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന 'ഊഷ്മളമായ ബന്ധം' മൂലം പോലീസിൽ പരാതി നൽകാൻ പോലും ഇന്ത്യക്കാരായ ഇരകൾ പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. വാദിയെ പ്രതിയാക്കുമോയെന്നുള്ള ഭയമാണ് ഇതിനു പിന്നിൽ.

റോമിലെ ഏറ്റവും പ്രധാനപ്പെട്ട ബസ് - മെട്രോ - ട്രെയിൻ സ്റ്റേഷനായ റ്റെർമിനിയിൽ കുറച്ചു സമയം ചിലവഴിച്ചു ശ്രദ്ധയോടെ വീക്ഷിച്ചാൽ പല കവർച്ചകളും നേരിട്ട് കാണാം. റോമിലെ ബഹുപൂരിപക്ഷം കവർച്ചകളും നടത്തുന്നത് മുൻകൂർ നിശ്ചയിച്ചു ഗ്രൂപ്പായിട്ടാണ്. ഇവിടുത്തെ തെരുവുകളിലും പ്രധാനപ്പെട്ട റ്റൂരിസ്റ്റ് സ്ഥലങ്ങളിലുമാണ്  ഇത്തരം തട്ടിപ്പുകളും കവർച്ചകളും കൂടുതലും അരങ്ങേറുന്നത്. ഫോട്ടോയിൽ കാണുന്ന തട്ടിപ്പുകാരൻ  വിലസുന്നത് വത്തിക്കാന്‍റെ സമീപപ്രദേശങ്ങളിലാണ്. മാന്യമായി വസ്ത്രം ധരിച്ചു കാറിൽ എത്തുന്ന അദ്ദേഹം കണ്ടുമുട്ടുന്ന വ്യക്തിയുമായി ആദ്യമേ തന്നെ സ്വതസിദ്ധമായ ശൈലിയിൽ ബന്ധം സ്ഥാപിക്കുന്നു. അതിനുശേഷം   ചില സമ്മാനങ്ങൾ നൽകി പണം തട്ടുന്നു, അതാണ് അദ്ദേഹത്തിൻറെ തട്ടിപ്പു രീതി. 

വൈദികരെ മാത്രം  ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പുകാരും വത്തിക്കാന്റെ സമീപ പ്രദേശങ്ങളിൽ ഉണ്ട്. കുർബാനപ്പണമായി (കുർബാനയുടെ നിയോഗത്തിനായി നല്കുന്ന തുക ) നൂറോ അൻപതോ ഇരുപതോ യൂറോയുടെ കള്ളനോട്ടു നൽകി യഥാർത്ഥ നോട്ടുകൾ ബാക്കിയായി വാങ്ങുന്ന രീതിയാണു അവർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പണത്തിനുവേണ്ടി മാത്രമല്ല പ്രശസ്തിക്കുവേണ്ടി പോലും തട്ടിപ്പുകൾ റോമിൽ നടക്കുന്നു. ഫ്രാൻസിസ്  പാപ്പായെ തെരഞ്ഞെടുത്ത കൊണ്ക്ലെവിനു മുൻപ് നടന്ന കർദ്ദിനാൾമാരുടെ പൊതുസമ്മേളനത്തിൽ കയറിപറ്റാൻ ഒരു തട്ടിപ്പുവീരൻ മെത്രാന്‍റെ വേഷത്തിൽ  പോലും വത്തിക്കാനിൽ എത്തുകയുണ്ടായി. എന്നാൽ  സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം ആ തട്ടിപ്പ് വിഫലമാവുകയായിരുന്നു. 

ഫോട്ടോയിൽ വലതു വശത്ത്‌ കാണുന്നതാണ് 'വ്യാജമെത്രാൻ '


1 comment:

Unknown said...
This comment has been removed by a blog administrator.