Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Saturday, March 16, 2013

'ഫ്രാൻസിസ്' എന്ന നാമം എന്തുകൊണ്ട്?


പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പിനുശേഷം ഏറെ ചർച്ചാവിഷയമായ ഒന്നാണ് അദ്ദേഹം തെരഞ്ഞെടുത്ത പേര്.  തിരുസ്സഭയിൽ 3 പ്രധാനപ്പെട്ട ഫ്രാൻസിസ് നാമധാരികളായ വിശുദ്ധരുണ്ട്, ഈശോ സഭക്കാരനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ, പാവങ്ങളുടെ വിശുദ്ധനെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, വിശുദ്ധ ഫ്രാൻസിസ് ദി സാലെസ്. ഇവരിൽ ആരുടെ നാമമായിരിക്കും ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തത്? ഈ ചോദ്യത്തിന് അദ്ദേഹം തന്നെ പത്രമാധ്യമങ്ങൾക്ക് ഇന്ന് നല്കിയ അഭിമുഖത്തിൽ വിരാമമിട്ടു. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, അതായിരുന്നു അദ്ദേഹത്തിൻറെ ഉത്തരം. 




















അത് തെരഞ്ഞെടുക്കുവാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. കൊണ്ക്ലെവിലെ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനു ആവശ്യമായ ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചു കഴിഞ്ഞപ്പോൾ അടുത്തിരുന്ന സാൻ പൗളോയിലെ മുൻ ആർച്ച്ബിഷപ് ക്ലൗദിയൊ ഹുമ്മെസ് ഒരുകാര്യം മാത്രം പുതിയ പാപ്പായോടു കൂട്ടുകാരനടുത്ത സ്വാതന്ത്ര്യത്തോടെ പറഞ്ഞു 'പാവങ്ങളെ ഒരിക്കലും മറക്കരുത്'. ഈ വാചകം അദ്ദേഹത്തെ വളരെയധികം സ്പർശിച്ചു.

കർദ്ദിനാൾ ക്ലൗദിയൊ ഹുമ്മെസ്
(ഒരു ഫയൽ ചിത്രം) 
അങ്ങനെ പാവങ്ങളിൽ  പാവമായി ജീവിച്ച സമാധാനത്തിൻറെ സന്ദേശമായിരുന്ന ഫ്രാൻസിസ് അസ്സീസ്സിയുടെ പേര് തന്നെയാണ് യുദ്ധങ്ങളാലും പട്ടിണിയാലും ക്ലേശമനുഭവിക്കുന്ന ഈ ലോകത്തിൽ  മിശിഹായുടെ ദാസന്മാരിൽ ദാസനായി ശുശ്രുഷ നിർവഹിക്കേണ്ട മാർപാപ്പക്കു അനുയോജ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്മൂലം അദ്ദേഹം തിരുസ്സഭയുടെ ചരിത്രത്തിൽ ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുന്ന ആദ്യത്തെ മാർപാപ്പയായി. 

Thursday, March 14, 2013

മാധ്യമപ്രവചനങ്ങളും ഫ്രാൻസിസ് പാപ്പായും



മാനുഷിക വിലയിരുത്തലുകളെയും കണക്ക്കൂട്ടലുകളെയും  കാറ്റില്‍ പറത്തിക്കൊണ്ട്  ലോകത്തിൽ ഏറ്റവും രഹസ്യമായ് നടന്ന ആ തെരഞ്ഞെടുപ്പ് ഫലം മറനീക്കി പുറത്തുവന്നു, ബനടിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി, ആഗോള കത്തോലിക്കാ സഭയുടെ 266 -മത് മാര്‍പ്പാപ്പയായി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജെന്‍റെിനയിലെ ബ്യൂണസ് ഐറിസ് രൂപതദ്ധ്യക്ഷനായ 76 വയസ്സുള്ള ഈശോ സഭക്കാരൻ കര്‍ദ്ദിനാള്‍ ജൊർജെ മാരിയോ ബർഗൊലിയൊ തെരഞ്ഞെടുക്കപെട്ടിരിക്കുന്നു. വിശുദ്ധ ഫ്രാൻസിസ്‌ അസ്സീസ്സിയോടുള്ള സ്നേഹവും ഭക്തിയും പ്രകടമാക്കികൊണ്ട് 'ഫ്രാൻസിസ്' എന്ന പേര് സ്വീകരിച്ചതോടെ ഇനി ഫ്രാൻസിസ് പാപ്പാ എന്നായിരിക്കും പുതിയ പാപ്പാ അറിയപ്പെടുക.  അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പു വാർത്ത സൂചിപ്പിക്കുന്ന വെളുത്ത പുക സിസ്റ്റൈൻ ചാപ്പലിന്‍റെ ചിമ്മിനിയിൽ നിന്നും പുറത്തുവന്നത് കോണ്‍ക്ലെവിന്‍റെ രണ്ടാം ദിവസം വൈകുന്നേരത്തെ അവസാന  വോട്ടിങ്ങിനു ശേഷമാണ്.



കര്‍ദ്ദിനാള്‍ സംഘത്തിലെ       പ്രോട്ടോ ഡിക്കനായ കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടോറന്‍ വിശുദ്ധ പത്രോസിന്‍റെ 265 -മത്പിന്‍ഗാമിയുടെ പേര് തെരഞ്ഞെടുപ്പിനു ശേഷം സെന്‍റ് പീറ്റെഴ്സ് ബസിലക്കയുടെ മട്ടുപ്പാവില്‍ നിന്നും വിശ്വാസികളുടെ മുമ്പാകെ  പ്രഖ്യാപിച്ചപ്പോള്‍ ഒരു നിമിഷമെങ്കിലും ലോകമാധ്യമപ്രവർത്തകർ  അമ്പരന്നു പോയിട്ടുണ്ടാകണം. തങ്ങള്‍ ഒരുമാസക്കാലമായി കഷ്ടപ്പെട്ട് തയ്യാറാക്കിയ മാര്‍പാപ്പയാകാന്‍ ഏറ്റവും സാധ്യത കല്‍പിച്ചിരുന്ന  12 കര്‍ദ്ദിനാള്‍മാരുടെ ലിസ്റ്റിൽ നിന്നും ആരെയും പരിശുദ്ധാത്മാവ് തെരഞ്ഞെടുത്തില്ല എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞപ്പോള്‍ ഓരോ കത്തോലിക്ക വിശ്വാസിയും ദൈവത്തിന്‍റെ ആത്മാവിന്‍റെ സ്വരത്തിനു തങ്ങളുടെ ഇടയന്മാരായ കര്‍ദ്ദിനാള്‍മാര്‍ ചെവികൊടുത്തു എന്നതില്‍ അത്യധികം സന്തോഷിച്ചു. 



ഇറ്റലിയിൽ നിന്നും അര്‍ജെന്‍റെിനയിലേക്ക് കുടിയേറിയ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന മാരിയോ ജോസ് ബർഗൊലിയൊയുടെയും റെജിന മറിയയുടെയും 5 മക്കളിൽ ഒരുവനായി 1936 ഡിസംബർ മാസം 17-നു അര്‍ജെന്‍റെിനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ഫ്രാൻസിസ് പാപ്പ കെമിസ്ട്രിയിൽ ഡിപ്ലോമ എടുത്തെങ്കിലും പിന്നിട് ഈശോ സഭ സെമിനാരിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. 1969 ഡിസംബർ മാസം 13-നു വൈദിക പട്ടം സ്വീകരിച്ചു.  ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ  1992-ല്‍ അദ്ദേഹത്തിനു ബ്യൂണസ് ഐറിസിലെ സഹായ മെത്രാൻ സ്ഥാനം നൽകി. 2011-ല്‍  ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പയിൽ നിന്നും കര്‍ദ്ദിനാള്‍ പദവിയും സ്വീകരിച്ചു. 

അഗാധമായ എളിമയോടെ മാര്‍പാപ്പ സ്ഥാനം ത്യാഗം ചെയ്ത ബനടിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ്‌ താനെന്നു  സെന്‍റ് പീറ്റെഴ്സ് ബസിലക്കയുടെ മട്ടുപ്പാവില്‍ നിന്നും വിശ്വാസികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലൂടെ ഫ്രാൻസിസ് പാപ്പ തെളിയിച്ചു. ആഴമായ പ്രാർത്ഥനാജീവിതവും എളിമയും സാഹോദര്യവും കുടികൊള്ളുന്ന ഒരു വ്യക്തിത്വത്തെ ലോകജനത പുതിയ പാപ്പായിൽ ദർശിച്ചു. 


സെന്‍റ് പീറ്റെഴ്സ് ബസിലക്കയുടെ മട്ടുപ്പാവില്‍ നിന്നും വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് അവരുടെ പ്രാർഥനാശംസകൾക്കും തന്നെ തെരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാർക്കും ഇത്രയും നാള്‍ സഭയെ സധൈര്യം നയിച്ച ബനഡിക്ട് 16-ാമന്‍ പാപ്പാക്കും നന്ദി പറഞ്ഞതിന് ശേഷം തന്‍റെ മുൻഗാമിയായ ബനടിക്റ്റ് പാപ്പാക്കുവേണ്ടി പ്രത്യേകം പ്രാർത്തിക്കുവാനുംഅദ്ദേഹം മറന്നില്ല. തുടർന്ന് വിശ്വാസികളുടെ മുൻപിൽ വിനയത്തോടുകൂടി ശിരസ്സ് കുനിച്ചു തനിക്കു വേണ്ടി ദൈവത്തോട് പ്രാർത്തിക്കുവാൻ  വിശ്വാസികളെ അദ്ദേഹം ക്ഷണിച്ചു. അതിനുശേഷമാണ് എല്ലാവർക്കും ഫ്രാൻസിസ് ഒന്നാമൻ മാര്‍പാപ്പ തന്‍റെ ആദ്യത്തെ ആശിർവ്വാദം നൽകിയത്.  തന്‍റെ ലളിതമായ ജീവിതത്തിലൂടെ അര്‍ജെന്‍റെിനക്കാരുടെ പ്രീയപ്പെട്ടവനായി തീർന്ന കര്‍ദ്ദിനാള്‍ ജൊർജെ മാരിയോ ബർഗൊലിയൊ(ഫ്രാൻസിസ് പാപ്പ) താമസിക്കുന്ന വീട്ടിൽ വെറും രണ്ടു മുറികൾ മാത്രമാണുള്ളത്. ബ്യൂണസ് ഐറിസിൽ അദ്ദേഹം സഞ്ചാരത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് സാധാരണ ജനങ്ങളുടെ  സഞ്ചാരമാർഗ്ഗമായ ബസും മേട്രോയുമാണ്.





പാവങ്ങളോടും രോഗികളോടും എന്നും സഹാനുഭൂതിയും സ്നേഹവും പുലർത്തുകയും സമൂഹത്തിലെ അതിക്രമങ്ങൾക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുകയും ചെയ്ത വ്യക്തിയാണ് ഫ്രാൻസിസ് പാപ്പാ. കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക്   തെരഞ്ഞെടുക്കപെട്ടപ്പോൾ അത് ആഘോഷിക്കുവാൻ അര്‍ജെന്‍റെിനക്കാര്‍ ആരും റോമിലേക്ക് വരേണ്ടെന്നും പകരം അതിനു ചെലവാകാവുന്ന പണം പാവങ്ങൾക്ക് കൊടുക്കണമെന്നും അദ്ദേഹം റോമിലേക്ക് പോരുന്നതിനു മുൻപേ തന്നെ അറിയിച്ചു ലോകത്തിനു മുഴുവൻ മാതൃകയായി. ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പയുടെ തെരഞ്ഞെടുപ്പു കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ കുറെയധികം മാറ്റങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നു. മാര്‍പാപ്പ സ്ഥാനത്തെത്തുന്ന ആദ്യ ഈശോ സഭക്കാരൻ, ആദ്യ അര്‍ജെന്‍റെിനക്കാരൻ എന്നീ സുപ്രധാനമായ മാറ്റങ്ങൾ ഇതിനോടകം സഭയിൽ ഉണ്ടായി കഴിഞ്ഞു. കുടാതെ 741-ല്‍ ദിവ്യംഗതനായ സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമന്‍ മാര്‍പാപ്പക്ക്  ശേഷം പത്രോസിന്‍റെ സിംഹാസനത്തിൽ എത്തുന്ന യൂറോപ്പിന് പുറത്തു നിന്നുള്ള ആദ്യ പാപ്പയാണ് ഫ്രാൻസിസ് ഒന്നാമൻ മാര്‍പാപ്പ.  .

2005-ലെ കൊണ്ക്ലെവിൽ ഫ്രാൻസിസ് പാപ്പ രണ്ടാം സ്ഥാനത്ത് എത്തിയായിരുന്നുവെന്നാണു ഇറ്റാലിയൻ പത്രം 'Stampa' റിപ്പോർട്ട് ചെയ്യുന്നത്. സ്പാനിഷ്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിൽ  അദ്ദേഹത്തിന്  നൈപുണ്യമുണ്ട്. 

 ഫ്രാൻസിസ് പാപ്പ, കര്‍ദ്ദിനാള്‍ ആയിരുന്നപ്പോൾ വത്തിക്കാൻ കൂരിയയിൽവഹിച്ചിട്ടുള്ള പദവികൾ. 

  • Member of the Congregation for Divine Worship and the Discipline of the Sacraments
  • Member of the Congregation for the Clergy
  • Member of the Congregation for Institutes of Consecrated Life and Societies of Apostolic Life
  • Member of the Pontifical Council for the Family
  • Member of the Commission for Latin America
കടപ്പാട് :la stampa, wikipedia 
✍️മാത്യു (ജിന്റോ) മുര്യങ്കരിച്ചിറയിൽ





Wednesday, March 13, 2013

പുതിയ പാപ്പാ എളിമയുടെ പര്യായം


കര്‍ദ്ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോലിയോ  കത്തോലിക്ക സഭയുടെ പുതിയ ഇടയന്‍.  



അര്‍ജെന്റീനായില്‍ നിന്നുമുള്ള ഈശോസഭക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജ് ബെര്‍ഗോലിയോ ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയന്‍. ഫ്രാഞ്ചെസ്കോ ഒന്നാമന്‍ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത് കോണ്‍ക്ലെവിന്‍റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള അവസാന  വോട്ടിങ്ങിലാണ്.




ഹബേമൂസ് പാപ്പാം


ഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുത്തു എന്ന് സൂചിപ്പിക്കുന്ന വെളുത്ത പുക സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയിലൂടെ പുറത്തു വന്നിരിക്കുന്നു. ഇനി അറിയേണ്ടത്  വിശുദ്ധ പത്രോസിന്‍റെ  ഇരുന്നൂറ്റിയറുപത്തിയഞ്ചാം പിന്‍ഗാമി(ഇരുന്നൂറ്റിയറുപത്തിയാറാം പാപ്പാ) ആര്  എന്ന് മാത്രം.  തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത് കോണ്‍ക്ലെവിന്‍റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള രണ്ടാമത്തെ വോട്ടിങ്ങിലാണ്.


വെളുത്ത പുക ഉയരുന്നത്തിനും 'ഹബെമൂസ് പാപ്പാ'പ്രഖ്യാപനത്തിനും ഇടക്ക് ഏകദേശം 45 മിനുട്ട് സമയം ഉണ്ടായിരിക്കും. കര്‍ദ്ദിനാള്‍ സംഘത്തിലെ       പ്രോട്ടോ ഡിക്കനായ കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടൌരനാണ്   ബനടിക്റ്റ് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയുടെ പേര് വിശ്വാസികളുടെ മുമ്പാകെ  പ്രഖ്യാപിക്കുന്നത്. 

Annuntio vobis gaudium magnum:
Habemus Papam!
Eminentissimum ac Reverendissimum Dominum,
Dominum [forename],
Sanctae Romanae Ecclesiae Cardinalem [surname],
qui sibi nomen imposuit [papal name].

("I announce to you a great joy:
We have a Pope!
The Most Eminent and Most Reverend Lord,
Lord [forename],
Cardinal of the Holy Roman Church [surname],
who takes to himself the name [papal name].")

Tuesday, March 12, 2013

കോണ്‍ക്ലേവും ചോക്ലേറ്റുകാപ്പിയും


ഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുക്കുവാന്‍ കൂടുന്ന കോണ്‍ക്ലേവിനു ഇനി ഏതാനും മണിക്കുറുകള്‍ മാത്രം. വൈകുന്നേരം നാലരക്ക് സിസ്റ്റൈന്‍ ചാപ്പലില്‍ പ്രവേശിക്കുന്ന കര്‍ദ്ദിനാള്‍മാര്‍ ഒരുപക്ഷെ വളരെ വൈകിയായിരിക്കും ഇന്ന് അത്താഴം കഴിക്കുക എന്ന സൂചനയാണ്‌ വത്തിക്കാന്‍ വക്താവ് ഫാദര്‍ ലോമ്പാര്‍ദി നല്‍കുന്നത്. വൈകിയാലും കര്‍ദ്ദിനാള്‍മാര്‍ക്ക് ചൂടുള്ള  ഭക്ഷണം തന്നെ ദോമുസ് സാന്താ മാര്‍ത്തയില്‍ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ആദ്യ ദിവസത്തെ കോണ്‍ക്ലെവ് വൈകിയേ തീരുകയുള്ളൂ എന്ന് കരുതുന്ന കര്‍ദ്ദിനാള്‍മാരുമുണ്ട്.വിശക്കുമ്പോള്‍ കഴിക്കാന്‍ കൈവശം കുറച്ചു ചൊക്ലേറ്റും കരുതുമെന്നാണ്‌ പാപ്പാ സ്ഥാനത്തേക്ക് എത്തുവാന്‍ ഏറെ  സാധ്യത കല്‍പിക്കപ്പെടുന്ന ന്യൂയോര്‍ക്കിലെ   കര്‍ദ്ദിനാളും അമേരിക്കന്‍ ബിഷപ്‌ കോണ്‍ഫറന്‍സിന്‍റെ അദ്ധ്യക്ഷനുമായ തിമോത്തി ഡോളന്‍ ഇന്നലെ റോമിലെ തന്‍റെ സ്ഥാനിക ഇടവകയില്‍ വിശ്വാസികളോട് തമാശ രീതിയില്‍ പറഞ്ഞത്. വത്തിക്കാനില്‍ കര്‍ദ്ദിനാള്‍മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ഈ അടുത്ത ദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള തമാശ കാര്യത്തിലായ കോണ്‍ക്ലെവുകളും കത്തോലിക്ക സഭാ ചരിത്രത്തിലുണ്ട്. ഫാദര്‍ റോബര്‍ട്ട്‌ ഗുട്ടുരിയെല്ലോ എഴുതിയ "Il Conclave. Come si elegge il Papa", എന്ന പുസ്തകത്തില്‍ ഭക്ഷണപ്രീയം കര്‍ദ്ദിനാള്‍ സാലയുടെ പാപ്പാസ്ഥാനം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. 1823-ല്‍ ഏഴാം പയസ്സ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ കൂടിയ കോണ്‍ക്ലെവില്‍ മാര്‍പാപ്പയാകുമെന്നു ഏവരും ഉറപ്പിച്ചിരുന്ന അദ്ദേഹം ഉപവാസ ദിവസം ചോക്ലേറ്റ് കാപ്പി കുടിച്ചത് പല കര്‍ദ്ദിനാള്‍മാരെയുടെയും അപ്രീതി ക്ഷണിച്ചു വരുത്തുകയും തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പേര് അവഗണിക്കുകയും ചെയ്തു. 

Saturday, March 9, 2013

കോണ്‍ക്ലെവ്: സമയക്രമീകരണങ്ങളും വാര്‍ത്തകളും


വിശുദ്ധ പത്രോസിന്‍റെ  ഇരുന്നൂറ്റിയറുപത്തിയഞ്ചാം പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലെവിന്‍റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അതിനുള്ള അവസാന ഒരുക്കങ്ങളും വത്തിക്കാനില്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയുടെ പുനക്രമീകാരണമാണ് ഇന്ന് ചെയ്ത പ്രധാനപ്പെട്ട ഒരു ജോലി. കോണ്‍ക്ലെവിനു ഒരുക്കമായി കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ സൊദാനൊയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കര്‍ദ്ദിനാള്‍മാര്‍ ചൊവ്വാഴ്ച രാവിലെ സെന്‍റ് പീറ്റെഴ്സ് ബസിലിക്കയില്‍ സമൂഹബലി അര്‍പ്പിച്ചശേഷം ഉച്ചകഴിഞ്ഞാണ് ആദ്യ വോട്ടിങ്ങിനായ് സിസ്റ്റൈന്‍ ചാപ്പലില്‍ പ്രവേശിക്കുക. ഇതോടുകൂടി ബാഹ്യലോകവുമായുള്ള അവരുടെ ബന്ധം ഇല്ലാതാകുകയും കോണ്‍ക്ലെവിലെ രഹസ്യം  കാത്ത് സൂക്ഷിക്കുമെന്നു സത്യപ്രതിജ്ഞ എടുക്കുകയും ചെയ്യും. വോട്ടവകാശമുള്ള 115 കര്‍ദ്ദിനാള്‍മാരില്‍ ജോവാന്നി ബത്തിസ്ത റെ ഒന്നാമതായും  കര്‍ദ്ദിനാള്‍ ജെയിംസ് ഹാര്‍വി ഏറ്റവും ഒടുവിലായും  ആയിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.  കൂടാതെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തുവാനായി കര്‍ദ്ദിനാള്‍മാര്‍ താമസിക്കുന്ന സാന്താ മാര്‍ത്തയില്‍ നിന്നും സിസ്റ്റൈന്‍ ചാപ്പലിലേക്കുള്ള വഴികള്‍ നിരീക്ഷണ വിധേയമാക്കുവാനും കര്‍ദ്ദിനാള്‍മാരെ മെറ്റല്‍ ഡിറ്റക്റ്ററിലൂടെ കടത്തിവിടുവാനുമുള്ള സംവിധാനങ്ങള്‍ വത്തിക്കാനില്‍  ഒരുക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പുതിയ മൊത്തൂസ് പ്രോപ്രിയയിലെ നാല്‍പത്തിമൂന്നാം നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.


കോണ്‍ക്ലെവില്‍ വൊട്ടെണ്ണലിനു ശേഷം കര്‍ദ്ദിനാള്‍മാര്‍  സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നും പുറത്തു വരുന്നതിനു മുന്‍പേ രേഖപ്പെടുത്തിയ വോട്ടുകള്‍ കത്തിച്ചു കളയണം എന്നാണു നിയമം. ഒരുകാലത്ത് 'പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ല' എന്നതിനെ സൂചിപ്പിക്കുന്ന കറുത്ത പുക ഉണ്ടാക്കിയിരുന്നത് വോട്ടിനോടൊപ്പം നനഞ്ഞ കച്ചിയും ചേര്‍ത്ത് കത്തിച്ചായിരുന്നു. എന്നാല്‍ ഇന്ന് കറുത്ത പുകയും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു എന്നതിനെ സൂചിപ്പിക്കുന്ന വെളുത്ത പുകയും ഉണ്ടാക്കുന്നത് വോട്ടിനോടൊപ്പം രാസപദാര്‍ത്തങ്ങളും കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ശാസ്ത്രീയപരമായിട്ടാണ്. സാധാരണ കോണ്‍ക്ലെവില്‍ ഓരോ സെക്ഷനിലും 2 പ്രാവശ്യമാണ് വോട്ടു രേഖപ്പെടുത്തുന്നത്. ആദ്യത്തെ വോട്ടിങ്ങില്‍ ആര്‍ക്കും തെരഞ്ഞെടുക്കപെടുവാന്‍ ആവശ്യമായ 77 പേരുടെ വോട്ടു കിട്ടാതെ വരുകയും ഉടനെ തന്നെ അടുത്ത വോട്ടിങ്ങ് നടക്കുകയുമാണെങ്കില്‍ ഇതിന്‍റെ  അവസാനമായിരിക്കും 2 വോട്ടിങ്ങിന്‍റെയും പേപ്പര്‍ കത്തിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വൈകുന്നേരം 7 മണിക്കോ രാവിലെ 12 മണിക്കോ തെരഞ്ഞെടുപ്പു ഫലത്തെ സൂചിപ്പിക്കുന്ന പുക  സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയിലൂടെ പുറത്തുവരും.  എന്നാല്‍ രാവിലെത്തെയോ വൈകുന്നെരത്തെയോ ആദ്യ വോട്ടിങ്ങില്‍ തന്നെ പുതിയ പാപ്പയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ രാവിലെ സമയം 10. 30 നും 11 നും ഇടക്കോ അഥവാ വൈകുന്നേരം 5. 30 നും 6 നും ഇടക്കോ വെളുത്ത പുക പ്രതീക്ഷിക്കാമെന്നാണ്‌ വത്തിക്കാന്‍റെ  ഔദ്യോഗിക വക്താവ് ഫാദര്‍ ലോമ്പാര്‍ദി അറിയിച്ചത്. ബനടിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത് കോണ്‍ക്ലെവിന്‍റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ വോട്ടിങ്ങിലായിരുന്നു. അതിനാല്‍ത്തന്നെ ഏകദേശം 5 മണിക്കാണ് വെളുത്ത പുക  സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയി ലൂടെ പുറത്തുവന്നത്. 




കോണ്‍ക്ലെവ് സമയക്രമീകരണങ്ങള്‍ 

12,  ചൊവ്വാഴ്ച 


10.00       വത്തിക്കാന്‍ സെന്‍റ് പീറ്റെഴ്സ് 
                 ബസിലിക്കയില്‍   സമൂഹബലി 
               
15.45       കര്‍ദ്ദിനാള്‍മാര്‍ താമസിക്കുന്ന ഡോമുസ് 
                 സാന്തേ മാര്‍ത്തയില്‍  നിന്നും  
                 അപ്പസ്തോലിക് പാലസിലേക്ക്

16.30        സെന്‍റ് പോള്‍ ചാപ്പലില്‍ നിന്നും 
                 പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലില്‍ 
                 പ്രവേശിക്കുന്നു. 

16.45       സത്യപ്രതിജ്ഞക്കുശേഷം സിസ്റ്റൈന്‍             
                ചാപ്പല്‍ അടക്കുന്നു. 

                കര്‍ദ്ദിനാള്‍ പ്രോസ്പെര്‍ ഗ്രെഹ് ധ്യാന-
                ചിന്തകള്‍ പങ്കുവയ്ക്കുന്നു.  

                സിസ്റ്റൈന്‍ ചാപ്പലില്‍ വോട്ടിങ്ങ് 

19.15       സിസ്റ്റൈന്‍ ചാപ്പലില്‍ സായാഹ്ന പ്രാര്‍ത്ഥന

19.30       ഡോമുസ് സാന്തേ മാര്‍ത്തയിലേക്ക് 
                തിരിച്ചു പോകുന്നു.  

20.00      അത്താഴം 


മറ്റു ദിവസങ്ങള്‍ 


 6.30        പ്രഭാതഭക്ഷണം 
                     
 8.15        സെന്‍റ് പോള്‍ ചാപ്പലില്‍ വിശുദ്ധ 
                കുര്‍ബാന 

 9.30        പ്രാര്‍ത്ഥന
                സിസ്റ്റൈന്‍ ചാപ്പലില്‍ വോട്ടിങ്ങ് (2)

12.30       ഡോമുസ് സാന്തേ മാര്‍ത്തയിലേക്ക് 
                തിരിച്ചു പോകുന്നു. 

13.00       ഉച്ചഭക്ഷണം 

16.50       സിസ്റ്റൈന്‍ ചാപ്പലില്‍ വോട്ടിങ്ങ്(2) 


19.15       സിസ്റ്റൈന്‍ ചാപ്പലില്‍ സായാഹ്ന പ്രാര്‍ത്ഥന

19.30       ഡോമുസ് സാന്തേ മാര്‍ത്തയിലേക്ക് 
                തിരിച്ചു പോകുന്നു.  

20.00       അത്താഴം 


ആദ്യ 3 ദിവസങ്ങളില്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാന്‍ സാധിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച ദിവസം ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമായി മാറ്റിവയ്ക്കും. എന്നാല്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഉയരുന്നതോടൊപ്പം സെന്‍റ് പീറ്റെഴ്സ് ബസിലിക്കയുടെ മണികളും മുഴങ്ങും. വെളുത്ത പുക ഉയരുന്നത്തിനും 'ഹബെമൂസ് പാപ്പാ' പ്രഖ്യാപനത്തിനും ഇടക്ക് ഏകദേശം 45 മിനുട്ട് സമയം ഉണ്ടായിരിക്കും. 




Annuntio vobis gaudium magnum;
habemus Papam:
Eminentissimum ac Reverendissimum Dominum,
Dominum
Josephum
Sanctae Romanae Ecclesiae Cardinalem Ratzinger
qui sibi nomen imposuit Benedictum XVI

(2005-ല്‍ ബനടിക്റ്റ് പാപ്പയെ തെരഞ്ഞെടുത്തപ്പോള്‍ നടത്തിയ പ്രഖ്യാപനം.)


കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടൌരനാണ്
കര്‍ദ്ദിനാള്‍ സംഘത്തിലെ       പ്രോട്ടോ ഡിക്കനായ കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടൌരനാണ്   ബനടിക്റ്റ് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയുടെ പേര് തെരഞ്ഞെടുപ്പിനു ശേഷം വിശ്വാസികളുടെ മുമ്പാകെ  പ്രഖ്യാപിക്കുന്നത്. 

സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയുടെ പുനക്രമീകരണം പകര്‍ത്തുന്ന ഫോട്ടോഗ്രാഫെയ്സ് (വത്തിക്കാനില്‍ നിന്നുള്ള കാഴ്ച)


nb. this article will be modified  

Wednesday, March 6, 2013

ഭാരത സഭക്ക് ഇത് അഭിമാനത്തിന്‍റെ നിമിഷങ്ങള്‍


നടിക്റ്റ് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാന്‍ കൂടുന്ന കോണ്‍ക്ലേവിനു ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. എന്നാല്‍ ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ എത്തിയ ഭാരതീയ കര്‍ദ്ദിനാള്‍മാരുടെ സാന്നിദ്ധ്യം ചരിത്രത്തിലേക്ക് സ്ഥാനം പിടിക്കുകയാണ്.


കര്‍ദ്ദിനാള്‍ ഇവാന്‍ ഡയസ് 
കര്‍ദ്ദിനാള്‍ 
ടെലേസ്ഫോര്‍ ടോപ്പോ
കര്‍ദ്ദിനാള്‍
ഓസ്വാല്‍ഡു ഗ്രേഷ്യസ്

സീറോ മലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയൂസ് ക്ലീമിസ്ബാവ,  റാഞ്ചി ലത്തീന്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ടെലേസ്ഫോര്‍ ടോപ്പോ, മുംബൈലത്തീന്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ഓസ്വാല്‍ഡു ഗ്രേഷ്യസ്, പ്രോപ്പഗാന്തേ ഫീദെയുടെ മുന്‍ അധിപന്‍ ഇവാന്‍ ഡയസ് എന്നീ കര്‍ദ്ദിനാള്‍മാരാണ് ഇപ്രാവശ്യത്തെ കോണ്‍ക്ലെവില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഭാരതീയ  കര്‍ദ്ദിനാള്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നുവെന്നതും ഭാരതത്തിലെ മൂന്നു സഭകളില്‍ നിന്നുമുള്ള കര്‍ദ്ദിനാള്‍മാരുടെ പ്രാതിനിധ്യം  ഇക്കൂട്ടത്തില്‍  ഉണ്ടെന്നുള്ളതുമായ സവിശേഷതയാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. കത്തോലിക്ക ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ താരതമ്യേന ഭാരതം മറ്റു പല രാജ്യങ്ങളുടെയും പിന്നിലാണെങ്കിലും മെത്രാന്മാരുടെ അംഗസംഖ്യയില്‍ ഭാരതത്തിന്‍റെ മുന്‍പില്‍ ഇറ്റലി, ബ്രസീല്, അമ്മേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രമാണുള്ളത്. 

കത്തോലിക്ക സഭയിലെ 22 പൗരസ്ത്യസഭകളില്‍ 4 വ്യക്തിഗത സഭകളുടെ തലവന്‍മാര്‍ക്ക് മാത്രമേ ഇപ്രാവശ്യത്തെ കോണ്‍ക്ലെവില്‍ വോട്ടവകാശമുള്ളു. അലക്സാണ്ട്രിയായിലെ കോപ്ടിക് സഭയുടെ പാത്രിയര്‍ക്കീസ് ഇമെരിറ്റസായ മാര്‍ അന്തൊനിയൂസ് നാഗ്വിബ്, സീറോ മലബാര്‍ സഭയുടെ തലവനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ തലവനായ  മാര്‍ ബസേലിയൂസ് ക്ലീമിസ്,  ലെബാനോനിലെ മാറോനീത്തസഭയുടെ  പാത്രിയര്‍ക്കീസ് മാര്‍ ബേക്കാര ബുത്രോസ് അല്‍ റായി എന്നിവരാണവര്‍..  അതിനാല്‍ വിശുദ്ധ പത്രോസിന്‍റെ ഇരുന്നൂറ്റി അറുപത്തിയഞ്ചാം പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ കൂടുന്ന ഈ കോണ്‍ക്ലെവില്‍ ഭാരതത്തിലെ പൗരസ്ത്യ കത്തോലിക്ക സഭകളായ സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും തലവന്മാരുമുണ്ട് എന്നതില്‍ ഭാരത സഭക്ക് അഭിമാനിക്കാം. 
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
പാത്രിയര്‍ക്കീസ്
മാര്‍ ബേക്കാര ബുത്രോസ് അല്‍ റായി
പാത്രിയര്‍ക്കീസ് ഇമെരിറ്റസ്
 മാര്‍ അന്തൊനിയൂസ് നാഗ്വിബ്









മേജര്‍ ആര്‍ച്ച് ബിഷപ്പ്  മാര്‍ ക്ലീമിസ് തോട്ടുങ്കല്‍

കൂടാതെ പൗരസ്ത്യ കത്തോലിക്ക സഭകളില്‍ വിശ്വാസികളുടെ അംഗസംഖ്യയില്‍ ആദ്യ സ്ഥാനത്തുള്ള ഉക്രൈന്‍ സഭയുടെ തലവന്‍ കോണ്‍ക്ലെവില്‍ പങ്കെടുക്കുന്നില്ല എന്നതിനാല്‍ വിശ്വാസികളുടെ അംഗസംഖ്യയില്‍  രണ്ടാമതും സജീവതയില്‍  മുന്‍പന്തിയിലും നില്‍ക്കുന്ന സീറോ മലബാര്‍ സഭയുടെ തലവനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവാണ് ഇവരില്‍ പ്രമുഖ സ്ഥാനത്തുള്ളത്. ഭാരത സഭയുടെ അപ്പസ്തോലനായ തോമ്മാശ്ലിഹായുടെ പിന്‍ഗാമി റോമിലെ വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലെവില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടി അദ്ദേഹത്തിന്‍റെ കോണ്‍ക്ലെവിലെ സാന്നിധ്യം കൊണ്ട് സംജാതമാകുന്നു. സീറോ മലങ്കര സഭയുടെ ചരിത്രത്തിലും ഈ കോണ്‍ക്ലെവ് കാതലായ മാറ്റം കൊണ്ടുവരുന്നുണ്ട്. കോണ്‍ക്ലെവില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഇതിനകം ലോകമാധ്യമശ്രദ്ധ നേടിയ മാര്‍ ബസേലിയൂസ് ക്ലീമിസ്, സീറോ മലങ്കര സഭയില്‍ നിന്നും കോണ്‍ക്ലെവില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തിയെന്ന് ഇനി അറിയപ്പെടും. 

Sunday, March 3, 2013

ബനടിക്റ്റ് പതിനാറാമന്‍ പാപ്പ ഇമെരിറ്റസിന്‍റെ ജീവിതം സിനിമയാകുന്നു


ഭാദര്‍ശനങ്ങളിലൂടെയും  പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ബനടിക്റ്റ് പതിനാറാമന്‍ പാപ്പ ഇമെരിറ്റസിന്‍റെ      ജീവിതവും കൃതികളും  പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കി രണ്ടു സിനിമകള്‍ ഒരുങ്ങുന്നു. പീറ്റര്‍ സീവാല്‍ദ് എഴുതുന്ന ബനടിക്റ്റ് പാപ്പയുടെ ജീവചരിത്രത്തെ (2014-ന്‍റെ തുടക്കത്തില്‍ പ്രസദ്ധീകരിക്കുന്നത് ) ആസ്പദമാക്കി തയ്യാറാക്കുന്ന സിനിമക്കുവേണ്ടി  ഓഡിയണ്‍  സിനിമ ബാനറും H & V  എന്‍റെര്‍റ്റെയിന്‍മെന്റും പീറ്റര്‍ വെക്കെര്‍ട്ടും മാര്‍ക്കുസ് മെന്‍റെയും  ഒരുമിക്കുന്നുവെന്ന വാര്‍ത്ത ഓഡിയണ്‍  സിനിമ കമ്പനി തന്നെയാണ് ജര്‍മനിയിലെ മ്യൂണിക്കില്‍ പുറത്തുവിട്ടത്.  1927-ലെ ഈസ്റ്റര്‍ രാത്രിയില്‍  മാര്‍ക്ടല്‍ അം ഇന്നിലെ (ബവാറിയ, ജര്‍മ്മനി) ബനടിക്റ്റ് പതിനാറാമന്‍ ഇമെരിറ്റസ ് പാപ്പയുടെ ജനനം മുതല്‍ പത്രോസിന്‍റെ സിംഹാസനത്തിലുള്ള അദ്ദേഹത്തിന്‍റെ നീണ്ട എട്ടു വര്‍ഷക്കാലം വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ വിവരിക്കുന്നത്.   ഈ സിനിമ 2014-ല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. 2011-ല്‍ ‘Francesco und der Papst’ (ഫ്രാന്‍സിസും പാപ്പായും) എന്ന ഡോക്യുമെന്‍റെറിയില്‍ ബനടിക്റ്റ് പതിനാറാമന്‍ പാപ്പയുടെ മുന്‍പില്‍ ഗാനം ആലപിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ഫ്രാഞ്ചെസ്കോ ജാനൂച്ചി എന്ന ബാലന്‍റെ കഥ  പീറ്റര്‍ വെക്കെര്‍ട്ട് നിര്‍മ്മിച്ചിരുന്നു. ഈ ഡോക്യുമെന്‍റെറിക്കുവേണ്ടി ബനടിക്റ്റ് പതിനാറാമന്‍ പാപ്പയുടെ ആഫ്രിക്കയിലെയും ഇസ്രയെലിലെയും സന്ദര്‍ശനങ്ങളില്‍ പ്രോഡക്ഷന്‍ ടിം അനുഗമിച്ചു എന്നതും  ശ്രദ്ധേയമാണ്. 


ബനടിക്റ്റ് പതിനാറാമന്‍ പാപ്പ ഇമെരിറ്റസിന്‍റെ (ഇടത്ത്)ബാല്യത്തിലെ ഒരു കുടുംബചിത്രം 



ബനടിക്റ്റ് പതിനാറാമന്‍ പാപ്പ ഇമെരിറ്റസുമാ യുള്ള അഭിമുഖങ്ങളെ  അടിസ്ഥാനമാക്കി പീറ്റര്‍ സീവാല്‍ദ് രചിച്ച അഞ്ച് പുസ്തകങ്ങളും ഇതിനകം  ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്.

1.  Salt of the Earth: The Church at the End of the Millennium(1997)
2. God and the World: Believing and Living in Our Time(2002)
3. Pope Benedict XVI: Servant of the Truth(2006) 
4. Pope Benedict XVI: An Intimate Portrait(2008))
5. Pope Benedict XVI: Light Of The World, The Pope, The Church and The Signs Of The Times(2010) 

എന്നാല്‍ ഇതിലെ ആദ്യ രണ്ടു പുസ്തകങ്ങള്‍ ബനടിക്റ്റ് പതിനാറാമന്‍ കര്‍ദ്ദിനാള്‍ ആയിരുന്നപ്പോള്‍ അദ്ദേഹവുമായി പീറ്റര്‍ സീവാല്‍ദ് നടത്തിയ അഭിമുഖങ്ങളെ  അടിസ്ഥാനമാക്കിയുള്ളവയാണ്.  

 ബനടിക്റ്റ് പതിനാറാമന്‍ പാപ്പ ഇമെരിറ്റസിന്‍റെ  സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറും മൈക്കിള്‍ ഹെയ്സുമാനും ചേര്‍ന്നെഴുതിയ '"My Brother, the Pope" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി റാറ്റ് പാക്ക് പ്രൊഡക്ഷന്‍ കമ്പനിയും സിനിമ നിര്‍മിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ മാര്‍പാപ്പാമാരുടെ ജീവചരിത്രങ്ങള്‍ സിനിമയാകുന്നത് ഇത് ആദ്യമായല്ല. ബനടിക്റ്റ് പതിനാറാമന്‍ പാപ്പ ഇമെരിറ്റസിന്‍റെ  മുന്‍ഗാമിയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍റെ  ജീവചരിത്രത്തെ ആസ്പദമാക്കി ഏകദേശം ഒരു ഡസന്‍ സിനിമകളാണ് പുറത്തിറങ്ങിയത്.

മാര്‍പാപ്പാമാരുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രധാനപ്പെട്ട സിനിമകള്‍;


1. Pope John Paul II - "Karol: A Man Who Became Pope." 
2. Pope John Paul I -  "Pope Luciani: The smile of God"  
3. Pope Paul VI - "Paul VI: The Pope in the Tempest"
4. Pope John XXIII - "The Good Pope: Pope John XXIII"


സാധാരണ ജനങ്ങളിലേക്ക് മാര്‍പാപ്പാമാരുടെ ജീവിത വിശുദ്ധിയും ദര്‍ശനങ്ങളും മാതൃകയും തുറന്നു കാട്ടുന്നതില്‍ മുകളില്‍ ചേര്‍ത്തിരിക്കുന്ന സിനിമകള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഈ ഗണത്തിലേക്ക് ബനടിക്റ്റ് പതിനാറാമന്‍ പാപ്പ ഇമെരിറ്റസിനെ കുറിച്ചുള്ള സിനിമകളും സ്ഥാനം പിടിക്കുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.  

കടപ്പാട് - വത്തിക്കാന്‍ ഇന്സൈടെര്(പ്രധാന വാര്‍ത്ത മാത്രം ).
ജര്‍മ്മന്‍ ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സി: Kress - Die Mediendienst
http://kress.de/tagesdienst/detail/beitrag/120069-ueber-fiktiven-deutschen-papst-sein-jungen-adlatus-nico-hofmann-bastelt-an-achtteiligem-vatikan-thriller.html

ഈ ലേഖനം മുകളില്‍ പറഞ്ഞ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ വെറും പരിഭാഷയല്ല.