Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Sunday, May 31, 2020

പാന്തയോണിലെ റോസപ്പൂമഴയും പെന്തകുസ്താചരണവും(വീഡിയോ)

റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പായി വാസ്തുവിദ്യയും ശിൽപകലയും സമ്മേളിക്കുന്ന പാന്തയോൺ ഇറ്റാലിയൻ തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 1900 വർഷങ്ങളായി (113–125 AD). ഗ്രീക്കു അമ്പലങ്ങളോട് ശിൽപകലയിൽ സാമ്യമുളള പോർട്ടിക്കോയും റോമൻ വാസ്തുവിദ്യയുടെ മാസ്മരികത തുടിക്കുന്ന പ്രധാന കെട്ടിടവും ഡോമും ഒന്നുചേരുന്ന ഈ വിസ്മയാവഹമായ അമ്പലം പണികഴിപ്പിച്ചത് ലൂസിയൂസിന്റെ പുത്രനായ, മൂന്നു പ്രാവശ്യം റോമിന്റെ കോൺസലായിരുന്ന മാർക്കുസ് അഗ്രിപ്പായാണെന്ന് പാന്തയോണിന്റെ പ്രവേശനഭാഗത്ത് മുകളിലായി ലത്തീൻ ഭാഷയിൽ എഴുതി വച്ചിരിക്കുന്നു.. എന്നാൽ റോമൻ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തിയായ അഗസ്തസിന്റെ നിർദ്ദേശപ്രകാരം മാർക്കുസ് അഗ്രിപ്പ (45–12 BC) പണികഴിച്ച പാന്തയോൺ അഗ്നിക്കിരയായി നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് അതേസ്ഥലത്ത് ഹാഡ്രിയൻ ചക്രവർത്തി  125 AD യിൽ പണികഴിച്ച അമ്പലമാണ് ഇന്ന് കാണുന്ന പാന്തയോണെന്നും,  മാർക്കൂസ് അഗ്രിപ്പയുടെ പേര് അദ്ദേഹം നിലനിർത്തുകയായിരുന്നെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. 




പാന്തയോൺ എന്ന വാക്കിന്റെ അർത്ഥം -എല്ലാ ദൈവങ്ങൾക്കും വേണ്ടി- എന്നാണ്. അതുകൊണ്ട് തന്നെ റോമിലെ എല്ലാ വിജാതീയ ദൈവങ്ങൾക്കും സമർപ്പിച്ച അമ്പലമായി ചരിത്രകാരന്മാർ പാന്തയോണിനെ കാണുന്നു. ഒരു താങ്ങുമില്ലാതെ നിൽക്കുന്ന 142 അടി (43 മീറ്റർ) വ്യാസവും അതിൻറെ അടിത്തട്ടിൽ നിന്ന് 71 അടി (22 മീറ്റർ) ഉയരവുമുളള പാന്തയോണിൻറെ താഴികക്കുടം (ഡോം) ലോകത്തിലെത്തന്നെ വലിയ ഡോമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 

 ഇതിന്റെ മുകൾഭാഗം  തുറന്നുകിടക്കുകയാണ് എന്നത് ശിൽപികളെയും വിനോദസഞ്ചാരികളെയും ഒരേപോലെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഓക്കുളസ് അഥവാ കണ്ണ് എന്ന് വിളിക്കുന്ന ഈ വലിയ ദ്വാരമാണ് ഡോമിന്റെ ഭാരം സമാനമായി വീതിച്ച് നല്കുന്നത്. പതിനാറാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാന്തയോൺ സന്ദർശിച്ച വിശ്വപ്രസിദ്ധ ശിൽപിയായ മൈക്കൾ ആഞ്ചലോ അഭിപ്രായപ്പെട്ടത് "ഇത് മാനുഷികരൂപകൽപനയല്ല മറിച്ച് മാലാഖയുടേതാണ്" എന്നാണ്. കൂടാതെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ താഴികക്കുടം മൈക്കൾ ആഞ്ചലോ രൂപകല്പന ചെയ്തത് പാന്തയോണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. 

ദേവാലയമായി മാറിയ അമ്പലം

പാന്തയോൺ അമ്പലം കത്തോലിക്കാ ദേവാലയമായി മാറുന്നത് ഏഴാം നൂറ്റാണ്ടിലാണ്. ബൈസന്റൈൻ രാജാവായ ഫോക്കാസ് ഏഡി 609-ൽ ബോണിഫേസ് നാലാമൻ മാർപാപ്പക്ക് പാന്തയോൺ നല്കുകയും, അതേവർഷം മെയ് പതിമൂന്നിന് മാർപാപ്പയുടെ നിർദ്ദേശപ്രകാരം അത് കൂദാശചെയ്യുകയും, മാതാവിന്റെയും രക്തസാക്ഷികളുടെയും പേരിലുളള കത്തോലിക്കാദേവാലയമായി അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. മാതാവിൻറെ ഐക്കണും റോമിലെ ഭൂഗർഭ സെമിത്തേരികളായിരുന്ന കാറ്റെക്കോമ്പുകളിൽ നിന്നും കൊണ്ടുവന്ന രക്തസാക്ഷികളുടെ തിരുശേഷിപ്പും ഈ ദൈവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു.

പാന്തയോണിലെ പെന്തകുസ്താചരണം
സെഹിയോൻ ഊട്ടുശാലയിൽ സമ്മേളിച്ചിരുന്ന മാതാവിന്റെയും ശ്ലീഹന്മാരുടെയുംമേൽ സഹായകനായ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിൽ ഇറങ്ങിവന്നതിനെയാണ് പെന്തകുസ്താത്തിരുന്നാളിൽ നാം അനുസ്മരിക്കുന്നത്. ഈ അനുസ്മരണം റോമിലെ എല്ലാ ദൈവാലയങ്ങളിലും നടത്താറുണ്ടെങ്കിലും പാന്തയോണിലെ ആഘോഷം വളരെ പ്രത്യേകത നിറഞ്ഞതാണ്. പന്തകുസ്താദിവസം അർപ്പിക്കുന്ന ആഘോഷപൂർവ്വമായ വി.കുർബാനയുടെ അവസാനഭാഗത്തായി തീനാവുകളുടെ രൂപത്തിലുളള പരിശുദ്ധാത്മാവിന്റെ ആഗമനത്തെ അനുസ്മരിപ്പിക്കത്തക്കവിധം ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ പാന്തയോണിന്റെ ഡോമിനു മുകളിലുളള ഓക്കുളസിലൂടെ വിശ്വാസികളുടെമേൽ വർഷിക്കുന്നു. 





റോമിലെ അഗ്നിശമനസേനയാണ് ഇതിനായുളള ഒരുക്കങ്ങൾ നടത്തുന്നത്.  

പാന്തയോണിലെ റോസപ്പൂമഴയും പെന്തകുസ്താചരണവും വീഡിയോ കാണാം....


Prayerful wishes, Fr. Mathew Jinto Muriankary


Monday, May 18, 2020

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദി അനുസ്മരണം

ലോക്ക്ഡൗണിനുശേഷം സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച ആദ്യത്തെ വി.കുർബാന...
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദിയുടെ ദിവസം, സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ  അദ്ദേഹത്തിൻറെ കബറിടം സ്ഥിതിചെയ്യുന്ന ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വി.കുർബാന അർപ്പിച്ചു.












Thursday, May 7, 2020

ഉപാധികളോടെ ഇറ്റലിയിൽ പളളികൾ തുറക്കുന്നു

കൊറോണ വൈറസ് ഭീതിയിൽ അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രതിനിധികളും ഇറ്റാലിയൻ സർക്കാർ അധികൃതരും തമ്മിലുളള ചർച്ചയിൽ ധാരണയായിരിക്കുന്നു. മെയ് പതിനെട്ടുമുതൽ ദൈവാലയങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ വിശുദ്ധ കുർബാന അർപ്പിക്കുവാനുളള അനുവാദമാണ് ലഭിച്ചത്. വിശ്വാസികളുടെ സുരക്ഷയെപ്രതി, ഏതാനും കർശന നിബന്ധനകൾ പാലിക്കാൻ സഭാധൃകതരും വിശ്വാസികളും തയ്യാറാകണമെന്നും സർക്കാർ പ്രത്യേകം ഓർമ്മിപ്പിച്ചു. അതിൻറെ അടിസ്ഥാനത്തിൽ ഇറക്കിയിരിക്കുന്ന നിബന്ധനകൾ ഇപ്രകാരമാണ്...
സാമൂഹികഅകലം പാലിക്കുക
ദൈവാലയത്തിൽ വിശുദ്ധ കുർബാനക്ക് എത്തുന്ന വിശ്വാസികൾ, തങ്ങളുടെ മുൻപിലും വശങ്ങളിലും നിൽക്കുന്നവരിൽ നിന്നും കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
ദൈവാലയവാതിലിലെ നിയന്ത്രണങ്ങൾ
ഓരോ പളളിയുടെയും പ്രവേശനകവാടത്തിൽ, മാസ്കും ഗ്ലൗസും ധരിച്ച സന്നദ്ധപ്രവർത്തകർ ഉണ്ടായിരിക്കണം. ഓരോ പളളിയുടെയും സ്ഥലപരിമിതകൾ മനസ്സിലാക്കി, സാമൂഹികഅകലം ഉറപ്പുവരുത്തുന്ന രീതിയിൽ വിശ്വാസികളുടെ എണ്ണമെടുത്തു പ്രവേശനം അനുവദിക്കുക എന്നതാണ് അവരുടെ ദൗത്യം. കൂടാതെ, സാമൂഹികഅകലം പാലിച്ച് പളളിയിൽ പ്രവേശിക്കുവാൻ സാധിക്കുന്നവരുടെ എണ്ണം പളളിയുടെ പുറത്തുളള നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
രണ്ടു വാതിലുകൾ
പളളിയിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും രണ്ടു വ്യത്യസ്ത വാതിലുകളിലൂടെയായിരിക്കണം. കൂടാതെ ഈ സമയത്ത് വിശ്വാസികൾ പരസ്പരം ഒന്നരമീറ്റർ അകലം കർശനമായി പാലിക്കണം. 
മാസ്ക് നിർബന്ധം
പളളിയിൽ പ്രവേശിക്കുന്നവർ മാസ്ക് നിർബന്ധമായി ധരിക്കണം. 
പനിയുളളവർക്കുളള നിയന്ത്രണം
പനിയുടെ രോഗലക്ഷണമുളളവരും37.5 ഉം അതി കൂടുതലും ശാരീരിക ഉഷ്മാവുളളവരും, മുൻദിവസങ്ങളിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും ദൈവാലയത്തിൽ എത്താൻ പാടില്ല എന്ന് വൈദികർ വിശ്വാസികളെ പ്രത്യേകം അറിയിക്കണം. 
അംഗപരിമിതർക്കുളള പ്രത്യേക സീറ്റുകൾ
അംഗപരിമിതരായ വിശ്വാസികളുടെ പങ്കാളിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പളളിയിൽ അവർക്ക് പ്രത്യേക സീറ്റുകൾ ഒരുക്കണം.
സാനിറ്റൈസർ ക്രമീകരിക്കുക
പളളിയിൽ സാനിറ്റൈസർ വിശ്വാസികളുടെ ഉപയോഗത്തിനായി ലഭ്യമാക്കണം. കൂടാതെ വിശുദ്ധ കുർബാന കഴിഞ്ഞ് പളളിയും സങ്കീർത്തിയും ശുദ്ധീകരിക്കണം. പളളിയുടെ പ്രവേശനകവാടത്തിങ്കലോ മറ്റു സ്ഥലങ്ങളിലോ ഹന്നാൻ വെളളം വയ്ക്കുവാൻ പാടില്ല.
ലിറ്റർജിയിലുളള നിയന്ത്രണങ്ങൾ
വി. കുർബാന മദ്ധ്യേ സമാധാനം ആശംസ കൈമാറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വി. കുർബാന വിശ്വാസികൾക്ക് നല്കുന്നതിന് മുൻപായി വൈദികൻ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ഗ്ലൗസ് ധരിക്കുകയും ചെയ്യണം. നേർച്ചപണം ഇരിപ്പിടങ്ങളിൽ നേരിട്ട്ചെന്ന് ശേഖരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സാമൂഹികഅകലം ഉറപ്പുവരുത്തിക്കൊണ്ട് വിശുദ്ധ കുമ്പസാരം നടത്താവുന്നതാണ്. തിരുകർമ്മങ്ങളിൽ ഗായകസംഘം പാടില്ല. എന്നാൽ, ഓർഗൻ വായിക്കാനായി ഒരാളെ നിയമിക്കാൻ അനുവാദമുണ്ട്.
വിവാഹം, മാമ്മോദീസാ, മൃതസംസ്കാരം
ഇവിടെ പ്രതിപാദിച്ച എല്ലാ നിയമങ്ങളും പളളിയിൽ വച്ചു നടത്തപ്പെടുന്ന മാമ്മോദീസാകൾക്കും വിവാഹങ്ങൾക്കും മൃതസംസ്കാരശുശ്രൂഷകൾക്കും ബാധകമാണ്. കൂടാതെ, സാധിക്കുന്നതും തുറന്ന സ്ഥലത്ത് ഈ ശുശ്രൂഷകൾ നടത്തുവാൻ ശ്രദ്ധിക്കണം. ആരോഗ്യസ്ഥിതിയുടെയും പ്രായത്തിൻറെയും  കോവിഡിൻറെ പ്രത്യേക സാഹചര്യത്തിൽ, ഞായറാഴ്ചകളിലും കടമുളള ദിനങ്ങളിലും തിരുകർമ്മങ്ങളിൽ പങ്കെടുക്കുത്തതിൽ നിന്നും പ്രായമുളളവർക്കും ആരോഗ്യപ്രശ്നമുളളവർക്കും ഒഴിവുണ്ടെന്നുളള കാര്യം വിശ്വാസികളെ വൈദികരെ അറിയിക്കണം.
ഇറ്റലിയിൽമെയ് നാലുമുതൽ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ അനുവദിച്ചതിനുശേഷം നടത്തിയ ചർച്ചകളിലാണ് പളളികൾ തുറക്കുവാനുളള തീരുമാനത്തിലേക്ക് ഇറ്റാലിയൻ സർക്കാർ എത്തിയത്. ഏകദേശം രണ്ടു മാസങ്ങളായി വി.കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്ത അനേകായിരം വിശ്വാസികൾക്ക് ഈ തീരുമാനം സന്തോഷപ്രദമാണ്. കൂടാതെ, കോവിഡിൻറെ കരാളഹസ്തത്തിൽ അകപ്പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി പളളിയിൽ നേരിട്ടുപോയി പ്രാർത്ഥനാശുശ്രൂഷകൾ നടത്തുവാൻ സാധിക്കുമെന്നതും അവർക്കു ആശ്വാസം നല്കുന്നു. 
കടപ്പാട് - ഗൂഗിൾ ഇമേജ്, മെസ്സജേറോ ന്യൂസ് പേപ്പർ
ഫാ.ജിൻറോ മുര്യങ്കരി

ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക...
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദി അനുസ്മരണം - ലോക്ഡൗണിനുശേഷം വത്തിക്കാനിൽ മെയ് 18നു ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച വി. കുർബാന

Tuesday, May 5, 2020

ഇറ്റലയിലെ ലോക്ക്ഡൗൺ ഇളവുകൾ (My Article published on Mathrubhumi News)



കൊറോണ വൈറസ് ഗ്രസിച്ചിരിക്കുന്ന ഇറ്റലിയിൽ, മെയ് നാലുമുതൽ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ അനുവദിക്കുന്നു എന്ന വാർത്ത  ലോകം മുഴുവൻ ചർച്ചയായിരുന്നു. ആരോഗ്യസുരക്ഷക്കുളള എല്ലാ മുൻകരുതലുകളും എടുത്തുകൊണ്ടാണ് ഏതാനും ഇളവുകൾ ഇറ്റാലിയൻ സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ ഇളവിൻ്രെ ആദ്യദിവസമായ മെയ് നാലാം തീയതി, തിങ്കളാഴ്ച, ഇറ്റലിയിൽ അസാധാരണ തിരക്ക് അനുഭവപ്പെടും എന്ന് പലരും ഭയപ്പെട്ടിരുന്നുവെങ്കിലും അങ്ങനെ സംഭവിച്ചില്ല എന്നാണ് ടെലിവിഷൻറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരിന്നാലും, ചില സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവർക്കും, സാമൂഹികഅകലം പാലിക്കാത്തവർക്കും പോലീസ് പിഴ ചുമത്തിയ വാർത്തയും പുറത്തു വരുന്നുണ്ട്. കൂടാതെ പൊതുഗതാഗതവാഹനങ്ങളിൽ യാത്രക്കാർക്ക് സാമൂഹികഅകലം കണക്കിലെടുത്തുളള സീറ്റുകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം കാറ്റിൽ പറത്തി ട്രെയിൻയാത്രക്കാരുടെ തളളിക്കയറ്റമുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളും മീഡിയാചാനലുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. നിയമങ്ങൾ അനുസരിക്കാതെ നടത്തിയ യുവാക്കളുടെ ജന്മദിനാഘോഷപാർട്ടി പോലീസ് തടയുകയും പിഴ ചുമത്തുകയും ചെയ്തതാണ് ഇന്നു പുറത്തുവന്ന മറ്റൊരു വാർത്ത. 


ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ വരുത്തി ഇറങ്ങിയ ഓർഡിനൻസിൽ, പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും, സാമൂഹിക അകലം ഒരു മീറ്റർ പാലിക്കണമെന്നും വളരെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാവരിലേക്കും മാസ്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മാസ്കിൻറെ വില അൻപത് സെൻറ് (ഏകദേശം നാല്പത് രൂപ) ആയി സർക്കാർ വെട്ടിച്ചുരിക്കിയിട്ടുണ്ട്. ഇറ്റലി മുഴുവൻ ഇതേ വിലയിൽ മാസ്ക് ലഭ്യമാക്കും എന്ന് സർക്കാർ അറിയിച്ചു. ശ്വാസകോശസംബന്ധമായ രോഗലക്ഷണമുളളവരും, 37.5 ൽ കൂടുതൽ ശാരീരിക ഉഷ്മാവുളളവരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല എന്ന കർശന നിബന്ധനയും ഈ ഓർഡിനൻസിൽ പ്രത്യേകം ചേർത്തിട്ടുണ്ട്. 

ആരോഗ്യം, ജോലി, അത്യാവശ്യകാര്യങ്ങൾ എന്നിവയ്ക്കായി സ്വന്തം റീജിയണിനകത്ത് യാത്രചെയ്യാം  എന്നതാണ് ഇറ്റലിയിലെ ലോക്ക്ഡൗൺ ഇളവുകളുടെ രത്നചുരുക്കം. ഇതിൽ അത്യാവശ്യകാര്യങ്ങൾക്ക് ഒരേ റീജിയണിൽ, വിവിധ സ്ഥലങ്ങളിലായിരിക്കുന്ന ബന്ധുക്കളെ (ബന്ധത്തിലെ ആറാം ഗ്രേഡുവരെ- മാതാപിതാക്കൾ, ഗ്രാൻഡ്പേരൻറസ്, സഹോദരങ്ങൾ, കസിൻസ്, അങ്കിൾ ആൻറി, കസിൻസിൻറെ മക്കൾ) സന്ദർശിക്കുന്നതും, പ്രിയപ്പെട്ടവരെ (ഒരേ റീജിയണിലെ വിവിധ സ്ഥലങ്ങളിലായിരിക്കുന്ന ലൈഫ് പാർട്ട്ണേഴ്സു മുതൽ അവരുടെ കസിൻസ് വരെയും കൂടാതെ ഗേൾ ഫ്രണ്ടും ബോയ് ഫ്രണ്ടും ഇതിൽ ഉൾപ്പെടും) സന്ദർശിക്കുന്നതും അനുവദിച്ചിട്ടുണ്ട്. എന്നാൽ കുടുംബസമ്മേളനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, സന്ദർശനവേളയിൽ സാമൂഹിക അകലവും മാസ്കും നിർബന്ധമാണ്. പുതിയ സത്യവാങ്മൂലത്തിൽ -ബന്ധുക്കളെ സന്ദർശിക്കുന്നു- എന്ന കാരണം കൂട്ടിച്ചേർത്തിട്ടുണ്ട്. ജോലിക്കുപോകുന്നവർക്കു സത്യവാങ്മൂലം നിർബന്ധമല്ല. ജോലിസ്ഥലത്തെ ഐഡൻറിറ്റി കാർഡ് കാണിച്ചാലും മതി. 


പാർക്കുകളും ഉദ്യാനങ്ങളും തുറക്കുമെങ്കിലും, ഒത്തുചേരലുകളും സാമൂഹ്യകായികവിനോദങ്ങളും (ഉദാ.ഫുട്ബോൾ) കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, സുഹൃത്തുക്കളെ സന്ദർശിക്കുവാനോ പാർട്ടി നടത്തുവാനോ അനുവാദമില്ല എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

വ്യക്തിഗതവ്യായാമങ്ങൾക്കായി സ്വന്തം വീടുകളിൽ നിന്നും ദൂരെയുളള സ്ഥലങ്ങളിലേക്ക് പോകാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും ഇതിനായി പുറത്തിറങ്ങുന്നവർ രണ്ടു മീറ്റർ അകലം പാലിക്കണം എന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം.  

സ്വന്തം റീജിയനിൽ നടക്കുന്ന മൃതസംസ്കാരശുശ്രൂഷകൾക്ക് പതിനഞ്ചുപേർക്ക് പങ്കെടുക്കാവാനും, സെമിത്തേരിയിൽ പ്രിയപ്പെട്ടവരുടെ കബറിടങ്ങൾ സന്ദർശിക്കുവാനും പുതിയ ഓർഡിനൻസ് അനുവാദം നല്കുന്നുണ്ടെങ്കിലും മൃതസംസ്കാരശുശ്രൂഷകൾ തുറന്ന സ്ഥലത്ത് നടത്തണമെന്നും, മാസ്കും സാമൂഹിക അകലവും നിർബന്ധമാണെന്നും കൂട്ടിച്ചേർത്തിരിക്കുന്നു. 

രണ്ടു വീടുളളവർക്ക്, ഒരേ റീജീയണിൽ ആണെങ്കിൽ പോലും, രണ്ടാമത്തെ വീടുകളിലേക്ക് വളരെ അത്യാവശ്യമായ കാരണങ്ങൾ (ആരോഗ്യപരമായ കാര്യങ്ങൾ)ഇല്ലെങ്കിൽ പോകാൻ അനുവാദമില്ല. 

ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ കൊണ്ടുവന്ന ഓർഡിനൻസിലെ മറ്റു പ്രധാന നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
·       വീടുകളിൽ എത്തിച്ച് കൊടുക്കുന്ന ഫുഡിനു പുറമേ, ടേക്ക് എവേ ഫുഡിനും അനുവാദമുണ്ട്. സമ്മേളനങ്ങൾ ഒഴിവാക്കാനായി പാർക്കിൽ ഇരുന്ന് കഴിക്കുന്നത് അനുവദിച്ചിട്ടില്ല.
·       സൂപ്പർമാർക്കറ്റിൽ പ്രവേശിക്കുവാനും തിരിച്ചിറങ്ങുവാനും രണ്ടു വ്യത്യസ്ത വഴികളുണ്ടായിരിക്കണം. കൂടാതെ, ഗ്ലൗസും സാനിറ്റൈസറും സൂപ്പർമാർക്കറ്റിൽ പേയിങ്ങ് കൗണ്ടറിൻറെ അടുത്തായി ഉണ്ടായിരിക്കണം.
·       സൂപ്പർമാർക്കറ്റുകൾ സാധാരണ സമയക്രമീകരണങ്ങളിലേക്ക് തിരികെയെത്തും (ലോക്ക്ഡൗണിനുമുൻപുളള സമയം)
·       ഏപ്രിൽ 26 ലെ നിയമമനുസരിച്ച് മറ്റു റീജിയണിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സ്വന്തം റീജിയണിലെ വീടുകളിൽ തിരിച്ചെത്താം. എന്നാൽ നിരന്തരം ഈ യാത്രകൾ നടത്താൻ അനുവാദമില്ല.  

ലോക്ക്ഡൗൺ ഇളവ് വന്ന ആദ്യദിവസം ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 174 ആണ്. ഇതേ ദിവസം തന്നെ 1389 പേർക്ക് പുതുതായി രോഗവും ബാധിച്ചിട്ടുണ്ട്. തലേദിവസത്തേക്കാൾ മരണസംഖ്യയിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവു രാജ്യത്തിന് മുഴുവൻ ആശ്വാസവും പ്രത്യാശയും നൽകുന്നുണ്ട്. എന്നിരിന്നാലും, ഇപ്പോൾ പരീക്ഷണാർത്ഥം നടപ്പിലാക്കുന്ന ലോക്ക്ഡൗൺ ഇളവുകളോടുളള ജനങ്ങളുടെ ക്രിയാത്മകവും ഉത്തരവാദിത്വപൂർണ്ണവുമായ സമീപനമായിരിക്കും  കൊറോണവൈറസ് എന്ന അദൃശ്യശക്തിക്കെതിരെയുളള ഇറ്റലിയുടെ പോരാട്ടത്തിൽ നിർണ്ണായകമാകുന്നത്.

-    ഈ ലേഖനം ഇറ്റാലിയൻ പത്രങ്ങളിൽ വന്ന വാർത്തകളെ അവലംബിച്ച് തയ്യാറാക്കിയതാണ്. 
-   ഫാ. മാത്യു ജിൻ്റോ മുര്യങ്കരി.. റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ, മീഡിയാ-കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെൻ്റിൽ ഗവേഷണവിദ്യാർത്ഥിയാണ്.