Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Tuesday, November 5, 2019

Christmas at Vatican


My article Published - Manorama Vanitha December 2017



By ഫാ. മാത്യു (ജിന്റോ) മുര്യങ്കരി 
ക്രിസ്മസ് എത്തിക്കഴിഞ്ഞു. ചരിത്രമുറങ്ങുന്ന റോമാനഗരവും വത്തിക്കാനും അനുദിനം കൂടുതൽ സുന്ദരമാകുകയാണ്. ആൽപ്സ് പ൪വതനിരകളെ തഴുകിയെത്തുന്നു ശീതക്കാറ്റ്. ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന റോമൻ വഴിയോരങ്ങളും  വർണശബളമായ ക്രിസ്മസ് മാർക്കറ്റുകളും സജ്ജമായി. ലോകമെമ്പാടും നിന്നും സഞ്ചാരികൾ ഇവിടേക്ക് ഒഴുകിത്തുടങ്ങി. വത്തിക്കാനിൽ മാർപാപ്പയുടെ ആസ്ഥാനമായ വിശുദ്ധ പത്രോസിന്റെ ചത്വരത്തിന്റെ ഹൃദയഭാഗത്ത് പുൽക്കൂടും ക്രിസ്മസ് ട്രീയും സ്ഥാപിതമായതോടെ വത്തിക്കാനിൽ ആഘോഷങ്ങ ൾക്ക് തുടക്കമായി. ഇനിയുള്ള ഓരോ ദിവസവും ദേവാലയങ്ങളിൽ പിറവിത്തിരുന്നാളിനുള്ള ഒരുക്കദിനങ്ങളാണ്.    


  മറ്റിടങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് അതത്  ഇടവകകളിലെ വൈദികർ നേതൃത്വം നൽകുമ്പോൾ ഇവിടെ ഒന്നാമനായി മുന്നിൽ നിൽക്കുന്നത് ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതിരൂപമായ ഫ്രാൻസിസ് മാർപാപ്പയാണ്. ഒരുനോക്ക് കാണാനും അനുഗ്രഹങ്ങൾ പ്രാപിക്കാനും ലോകമെമ്പാടുമുള്ള വിശ്വാസിക ൾ ഇവിടേക്ക് ഒഴുകുമ്പോൾ അവർക്കു മുന്നിൽ കാരുണ്യത്തിന്റെ നിറകുടമാവുകയാണ് ആഗോള കത്തോലിക്കാ സഭയുടെ ആത്മീയാചാര്യൻ.



പുൽക്കൂടും ക്രിസ്മസ് ട്രീയും



നക്ഷത്രങ്ങൾക്ക് കൂടുതൽ പ്രശോഭയും പുല൪കാലങ്ങൾക്ക് കുളിരിന്റെ നനവും  നിറഞ്ഞതാണ്  ഇവിടെ  ഡിസംബർ  മാസം. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തെ ആക൪ ഷകമാക്കുന്നത് ഇറ്റാലിയൻ ചരിത്രവും സാംസ്കാരിക പൈതൃകവും സംഗമിക്കുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയുമാണ്. കിഴക്കൻ യൂറോപ്യൻ രാജ്യമായ പോളണ്ടിൽ നിന്നു മാ൪പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് വത്തിക്കാനിലെത്തിയ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടങ്ങിയ കർമം അദ്ദേഹത്തിന്റെ പിൻഗാമികൾ ഇന്നും തുടർന്നു പോരുന്നു. തന്റെ ജന്മദേശത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഓ൪മകളുമായി കോർത്തിണക്കി 1982 ലാണ് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ ആക൪ഷകമായ പുൽക്കൂടും ക്രിസ്മസ് ട്രീയും പ്രതിഷ്ഠിക്കൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടങ്ങിയത്.   



ലോകത്തിൽ ഏറ്റവും  കൂടുതൽ പേർ സന്ദർശിക്കുന്ന പു ൽക്കൂടുകളിൽ ഒന്നാണ് വത്തിക്കാനിലേത്. ഡിസംബ൪ ജനുവരി മാസങ്ങളിൽ വത്തിക്കാൻ സന്ദർശിക്കുന്ന വിശ്വാസികളേയും വിനോദസഞ്ചാരികളേയും ഇറ്റാലിയൻ ശിൽപകലയുടെ ഭംഗി ആസ്വദിക്കാനും അതിലുപരി ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാനും സഹായിക്കുന്ന ഈ പുൽക്കൂട് യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്തിൽ നിന്നോ അതിലെ റീജനൽ നിന്നോ ഉളള കലാകാരന്മാരാണ് ഓരോ വർഷവും ഒരുക്കുന്നത്.  ക്രിസ്തുവിന്റെ പിറവിയെ പുനരാവിഷ്കരിച്ചിരിക്കുന്ന ഈ വർഷത്തെ വത്തിക്കാനിലെ പുൽക്കൂട് ദക്ഷിണ ഇറ്റലിയിലെ മോന്തെ വെർജിനിലെ ആശ്രമമാണ് മാർപാപ്പയ്ക്ക് സമ്മാനിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ തെക്കൻ ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിൽ നിലനിന്നിരുന്ന സംസ്കാരവും വസ്ത്രരീതികളും ദൃശ്യവത്കരിക്കുന്ന ഈ പുൽക്കൂടിന് 80 ചതുരശ്ര മീറ്റർ വിസ്തീർണവും 7 മീറ്റർ ഉയരവുമാണ് കണക്കാക്കുന്നത്. കാരുണ്യ പ്രവൃത്തികളുടെ സന്ദേശമുൾക്കൊളളുന്ന രണ്ടു മീറ്ററോളം ഉയരം വരുന്ന 20 രൂപങ്ങളാണ് പുൽക്കൂടിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പുൽക്കൂടിനോട് ചേർന്ന് വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ എത്തിയ ക്രിസ്മസ് ട്രീ വിശുദ്ധ പത്രോസിന്റെ ചത്വരത്തിന്റെ ഹൃദയഭാഗത്ത് ഇ ടം പിടിച്ചു കഴിഞ്ഞു.



പോളണ്ടിലെ എൽക് അതിരൂപത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ക്രിസ്മസ് ട്രീയൊരുക്കാൻ സമ്മാനിച്ച ദേവദാരുവിനോട് സാദൃശ്യമുളള ചുവന്ന ഫി൪ മരത്തിന് 28 മീറ്റ൪ ഉയരമാണുളളത്. പോളണ്ടിൽ നിന്നു മധ്യയൂറോപ്യൻ വീഥികളിലൂടെ ര ണ്ടായിരത്തിലധികം കിലോമീറ്റ൪ താണ്ടിയാണ് കത്തോലിക്കാ സഭയുടെ ഈറ്റില്ലമായ വത്തിക്കാനിൽ ഇത് എത്തിച്ചേർന്നത്. ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ കാൻസർ ചികിത്സയിൽ കഴിയുന്ന കുട്ടികളും  ഇറ്റലിയിലെ തന്നെ ഭൂകമ്പബാധിത പ്രദേശങ്ങളടങ്ങിയ സ്പൊളെത്തോ നോ൪ച്ച അതിരൂപതയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ് ഈ മരത്തെ ക്രിസ്മസ് ട്രീയായി അ ലങ്കരിക്കാനുളള  നിയോഗം  ഇക്കുറി  ലഭിച്ചത്. ആ കുഞ്ഞുകൈകളിലൂടെ മനോഹരമാക്കപ്പെട്ട ക്രിസ്മസ് ട്രീ വത്തിക്കാൻ ഹൃദയത്തിൽ ഉയർന്നപ്പോൾ അവരുടെ വേദനകളിൽ സന്തോഷത്തിന്റെ നക്ഷത്രങ്ങൾ വിരിയട്ടെ എന്ന് ഏവരും പ്രാർഥിച്ചു.



മ്യാൻമാർ, ബംഗ്ലാദേശ് പര്യടനം കഴിഞ്ഞെത്തിയ ഫ്രാൻസിസ് മാർപാപ്പ ഡിസംബ൪ ഏഴിന് വൈകുന്നേരം 4.30ന് ക്രിസ്മസ് ട്രീയിലെ അലങ്കാരദീപങ്ങൾ തെളിയിക്കുകയും പുൽക്കൂട് തീർഥാടകര‍്‍ക്കും സഞ്ചാരികൾക്കുമായി തുറന്നു കൊടുക്കുകയും ചെയ്തതോടെ റോമാനഗരവും വത്തിക്കാനും ക്രിസ്മസ് അന്തരീക്ഷത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു. ക്രിസ്മസിന് മുന്നോടിയായി കത്തോലിക്കാസഭ ആഘോഷിക്കുന്ന പ്രധാനപ്പെട്ട തിരുനാളാണ് ഇതിനു തൊട്ടടുത്ത ദിവസം നടക്കുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ. ക്രിസ്തുവിന്റെ അമ്മ അമലോത്ഭവയാണ് എ ന്നു പഠിപ്പിക്കുന്ന വിശ്വാസസത്യം 1854 ഡിസംബർ എട്ടിനാണ് പ്രഖ്യാപിച്ചത്. 1858 മുതൽ റോമിൽ ഈ ആഘോഷം മാർപാ പ്പമാരുടെ സാന്നിധ്യത്തിൽ മുടങ്ങാതെ നടന്നു വരുന്നു.



റോമാനഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  സ്പാനിഷ് ചത്വരത്തിൽ അന്നേദിവസം റോമിന്റെ മെത്രാനും ആഗോള കത്തോലിക്കാസഭയുടെ തലവനുമായ ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രാർഥനാ ശുശ്രൂഷയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള അനേകം വിശ്വാസികള്‍ പങ്കെടുത്തു. യൂറോപ്പിൽ മലയാളി കുടിയേറ്റം ശക്തമായതിനു ശേഷം ധാരാളം മലയാളികൾ ഈ തിരുനാളിനായി റോമിൽ എത്തിച്ചേരാറുണ്ട്.



മാർപാപ്പയുടെ ലോട്ടറി



വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്ന മറ്റൊരു ഘടകമാണ് പോൾ ആറാമൻ ഓഡിറ്റോറിയത്തിൽ ഡി സംബ൪ 16 നു വൈകുന്നേരം 6.30 ന് അരങ്ങേറുന്ന ക്രിസ്മസ് സംഗീതനിശ. ലോകപ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതനിശയുടെ ലക്ഷ്യം  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുളള ധനസമാഹരണമാണ്. വത്തിക്കാനിൽ ക്രിസ്മസ് സംഗീതനിശ തുടങ്ങിയിട്ട് 25 വർഷം തികയുന്നു എന്ന പ്രത്യേകതയും ഈ ക്രിസ്മസിനുണ്ട്. അർജന്റീനയിലേയും ആഫ്രിക്കൻ രാജ്യമായ കോംഗോയിലെയും കഷ്ടതകളനുഭവിക്കുന്ന കുട്ടികളേയും യുവാക്കളേയും സഹായിക്കുകയാണ് ഈ വർഷത്തെ സംഗീതനിശയുടെ ലക്ഷ്യം.



‘പാവങ്ങളുടെ പാപ്പ’ എന്നറിയപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ പാവങ്ങളെ പരിഗണിക്കേണ്ടതിന്റേയും സഹായിക്കേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് നിരന്തരം പ്രബോധിപ്പിക്കുന്ന വ്യക്തിയാണ്. വത്തിക്കാനിൽ മാർപാപ്പയുടെ പ്രത്യേക താൽപര്യപ്രകാരം പാവങ്ങളെ സഹായിക്കാൻ നടത്തുന്ന സംരംഭമാണ് വത്തിക്കാൻ ക്രിസ്മസ് ലോട്ടറി. ലോട്ടറി സമ്മാനങ്ങൾ മുഴുവനും  മാർപാപ്പയാണ് സ്പോൺസ൪ ചെയ്യുന്നത്. ക്രിസ്മസിന്  വത്തിക്കാനിൽ  ഒഴുകിെയത്തുന്ന  വിശ്വാസികളും വിനോദസഞ്ചാരികളും മറക്കാതെ നടത്തുന്ന ഒന്നാണ് ത ങ്ങളുടെ പ്രിയപ്പെട്ടവർക്കും സ്വന്തക്കാർക്കും ക്രിസ്മസ് കാർഡുകൾ അയയ്ക്കുകയെന്നത്. സോഷ്യൽ മീഡിയാ കാലഘട്ടത്തിലും ഈ പാരമ്പര്യം മുറിഞ്ഞുപോകാതെ നിൽക്കുന്നു. അതിനുള്ള തെളിവാണ് വത്തിക്കാൻ പുറത്തിറക്കുന്ന തിരുപ്പിറവിയുടേയും വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടേയും  പശ്ചാത്തലമുളള സ്റ്റാംപുകളോടുള്ള ജനങ്ങളുടെ പ്രിയം.  



നഗരത്തോടും ലോകം മുഴുവനോടും



ക്രിസ്മസിന് വത്തിക്കാനിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കർമമാണ് ഡിസംബ൪ 24 നു രാത്രി 9.30 നു വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ഭക്തിസാന്ദ്രമായ ദിവ്യബലി. നാനാഭാഗങ്ങളിൽ നിന്നുളള  വിശ്വാസികൾ പങ്കെടുക്കുന്ന ദിവ്യബലിയിൽ ലോകരക്ഷകനും  സമാധാനരാജാവുമായി അവതരിച്ച ഉണ്ണീശോയുടെ രൂപം കൈകളിലേന്തി ഫ്രാൻസിസ് മാർപാപ്പ പ്രദക്ഷിണം നടത്തും. ആഗോള കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്തുകൊണ്ട് ദിവ്യബലിമദ്ധ്യേ വിവിധ ഭാഷകളിൽ വിശ്വാസികൾ പ്രാർഥന അർപ്പിക്കും.



ക്രിസ്മസ് ദിനത്തിൽ ഉച്ചക്ക് 12 മണിക്ക് വത്തിക്കാനിൽ ന ടക്കുന്ന പ്രധാനപ്പെട്ട  കർമമാണ്  ഉ൪ബി എത്ത് ഓർബി. ‘നഗരത്തോടും ലോകം മുഴുവനോടും’ എന്നാണ്  ‘ഉ൪ബി എത്ത് ഓർബി’ എന്നതുകൊണ്ടു അ൪ഥമാക്കുന്നത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ  ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്നു റോമാനഗരത്തിനും ലോകം മുഴുവനുമായി മാർപാപ്പ നൽകുന്ന ഈ പ്രത്യേക അനുഗ്രഹം  ക്രിസ്മസ് ദിവസവും  ഈസ്റ്റർ ദിവസവും  പുതിയ മാർപാപ്പയെ തിരഞ്ഞെടുത്ത അവസരത്തിലും മാത്രമാണ് നൽകാറുള്ളത്.  മാർപാപ്പ ലോകസമാധാനത്തിനായി പ്രാർഥിക്കുകയും  ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഈ കർമത്തിൽ പ്രത്യേക നിയോഗത്തോടും ഒരുക്കത്തോടും കൂടി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പങ്കെടുക്കുന്നവർക്കും ദ്യശ്യമാധ്യമങ്ങളിലൂടെ കാണുന്നവർക്കും ഭാഗികമായ ദണ്ഡവിമോചനം മാർപാപ്പ നൽകുന്നു. അന്നേ ദിവസം മറ്റു പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കില്ല. അദ്ദേഹത്തിന്റെ ദോമൂസ് സാങ്‌തേ മാർത്തേ (സെന്റ് മാർത്താസ്) എന്ന ഹോസ്റ്റലിൽ അന്തേവാസികൾക്കൊപ്പം പൊതുഭക്ഷണശാലയിലാണ് ഉച്ചഭക്ഷണം. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഈ കീഴ്‌വഴക്കമാണ് അദ്ദേഹം പിന്തുടരുന്നത്. ചടങ്ങുകൾക്കു ശേഷം മടങ്ങും. ആർഭാടം ഒഴിവാക്കിയുള്ള ലളിത ജീവിതത്തിന് ക്രിസ്മസ് ദിനത്തിലും മാറ്റമില്ല.



പുതുവർഷ തലേന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ പോയ വർഷത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന പ്രാർഥനകൾ നടക്കും. ജനുവരി ഒന്നാം തീയതി ദൈവമാതാവായ കന്യകാമറിയത്തിന്റെ തിരുന്നാളും  പുതുവർഷവും വത്തിക്കാൻ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ഉണ്ണീശോയെ സന്ദർശിച്ച് പൊന്നും മീറയും കുന്തിരക്കവും സമർപ്പിച്ച പൂജരാജാക്കന്മാരുടെ തിരുനാൾ ജനുവരി ആറിനാണ്. പിറ്റേന്ന് ഈശോയുടെ മാമോദീസ തിരുന്നാൾ ആചരിക്കുന്നതോടു കൂടി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ ക്രിസ്മസ് ട്രീയിലെ ദീപാലങ്കാരങ്ങൾ അണയ്ക്കും. ഇതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒൗദ്യോഗിക പര്യവസാനമാകും.  



ക്രിസ്മസിനെ വരവേൽക്കാൻ വത്തിക്കാൻ ഒരുങ്ങുമ്പോ ൾ അശാന്തിയുടെ ഭീഷണിസന്ദേശമടങ്ങിയ പോസ്റ്ററുകൾ ഇക്കുറി റോമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വിശ്വാസികളെ അ സ്വസ്ഥരാക്കുന്നുണ്ട്. ജർമനിയിലും ഫ്രാൻസിലും നടന്ന ഭീ കരാക്രമണങ്ങൾക്ക് സമാനമായി വത്തിക്കാനിലും രക്തചൊരിച്ചിൽ നടത്തുമെന്നും ഫ്രാൻസിസ് മാർപാപ്പയെ ശിരച്ഛേദം ചെയ്യുമെന്നുമുളള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. എന്നാൽ പ്രാർഥനകൾക്കു ഭീകരരുടെ ഏതു വെല്ലുവിളിയേയും അതിജീവിക്കാൻ സാധിക്കുമെന്ന് വിശ്വാസികൾ ഉറച്ചു വിശ്വസിക്കുന്നു.  കാരണം, ഇതു മാർപാപ്പയുടെ നാടാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും ഉറവാണ്... ഓരോ ക്രിസ്മസും പങ്കുവയ്ക്കുന്നത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടേയും സന്ദേശമാണ്.



മാർപാപ്പ ആദ്യമായി സിനിമയിൽ



ക്രിസ്മസിന്റെ സന്തോഷമായെത്തുന്ന മറ്റൊരു വാർത്തയുണ്ട്. ഫ്രാൻസിസ് മാർപാപ്പ അഭിനയിച്ച സിനിമ ‘ബിയോണ്ട് ദി സൺ’ ഈ ക്രിസ്മസിന് തിയറ്ററിൽ എത്തും. ഗ്രേസിയേല റോഡ്രിഗസും ചാർലി മൈനാർഡിയും ചേ ർന്നൊരുക്കുന്ന സിനിമയിൽ രണ്ടു രംഗങ്ങളിലായി ആറ് മിനിറ്റോളം മാർപാപ്പ പ്രത്യക്ഷപ്പെടുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ സിനിമയുടെ ഭാഗമാകുന്നുവെന്ന വാർത്ത സന്തോഷത്തോടെ സ്വീകരിച്ച വിശ്വാസികൾ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.



ഫാ. മാത്യു (ജിന്റോ) മുര്യങ്കരി (എട്ടു വർഷമായി റോമിലുള്ള ഫാ. മാത്യു സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ സോഷ്യൽ കമ്മ്യുണിക്കേഷനിൽ ഗവേഷകനാണ്.) 




https://www.vanitha.in/specials/christmas-special/pope-francis-xmas-celebrations-in-vatican.html?fbclid=IwAR3j1hjc9KuKQobWKfqTX81VltcjzH4fOAGwzJkt5J5WnTjLqSEQ-y_BCQY#

Monday, November 4, 2019

Unmasking the Fake News on Pope Francis

My humble attempt to unmask fake news on Pope Francis.
YouTube - https://www.youtube.com/watch?v=I9G4uNJ-8BM

This video shows how the original video (Bishop Tony Palmer and Pope Francis -The Miracle of Unity Has Begun- https://www.youtube.com/watch?v=NHbEW... ) Time-19:58-27:00 has been manipulated with fake translations (subtitles) that spread hatred.