Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Sunday, May 31, 2020

പാന്തയോണിലെ റോസപ്പൂമഴയും പെന്തകുസ്താചരണവും(വീഡിയോ)

റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പായി വാസ്തുവിദ്യയും ശിൽപകലയും സമ്മേളിക്കുന്ന പാന്തയോൺ ഇറ്റാലിയൻ തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 1900 വർഷങ്ങളായി (113–125 AD). ഗ്രീക്കു അമ്പലങ്ങളോട് ശിൽപകലയിൽ സാമ്യമുളള പോർട്ടിക്കോയും റോമൻ വാസ്തുവിദ്യയുടെ മാസ്മരികത തുടിക്കുന്ന പ്രധാന കെട്ടിടവും ഡോമും ഒന്നുചേരുന്ന ഈ വിസ്മയാവഹമായ അമ്പലം പണികഴിപ്പിച്ചത് ലൂസിയൂസിന്റെ പുത്രനായ, മൂന്നു പ്രാവശ്യം റോമിന്റെ കോൺസലായിരുന്ന മാർക്കുസ് അഗ്രിപ്പായാണെന്ന് പാന്തയോണിന്റെ പ്രവേശനഭാഗത്ത് മുകളിലായി ലത്തീൻ ഭാഷയിൽ എഴുതി വച്ചിരിക്കുന്നു.. എന്നാൽ റോമൻ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തിയായ അഗസ്തസിന്റെ നിർദ്ദേശപ്രകാരം മാർക്കുസ് അഗ്രിപ്പ (45–12 BC) പണികഴിച്ച പാന്തയോൺ അഗ്നിക്കിരയായി നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് അതേസ്ഥലത്ത് ഹാഡ്രിയൻ ചക്രവർത്തി  125 AD യിൽ പണികഴിച്ച അമ്പലമാണ് ഇന്ന് കാണുന്ന പാന്തയോണെന്നും,  മാർക്കൂസ് അഗ്രിപ്പയുടെ പേര് അദ്ദേഹം നിലനിർത്തുകയായിരുന്നെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. 




പാന്തയോൺ എന്ന വാക്കിന്റെ അർത്ഥം -എല്ലാ ദൈവങ്ങൾക്കും വേണ്ടി- എന്നാണ്. അതുകൊണ്ട് തന്നെ റോമിലെ എല്ലാ വിജാതീയ ദൈവങ്ങൾക്കും സമർപ്പിച്ച അമ്പലമായി ചരിത്രകാരന്മാർ പാന്തയോണിനെ കാണുന്നു. ഒരു താങ്ങുമില്ലാതെ നിൽക്കുന്ന 142 അടി (43 മീറ്റർ) വ്യാസവും അതിൻറെ അടിത്തട്ടിൽ നിന്ന് 71 അടി (22 മീറ്റർ) ഉയരവുമുളള പാന്തയോണിൻറെ താഴികക്കുടം (ഡോം) ലോകത്തിലെത്തന്നെ വലിയ ഡോമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 

 ഇതിന്റെ മുകൾഭാഗം  തുറന്നുകിടക്കുകയാണ് എന്നത് ശിൽപികളെയും വിനോദസഞ്ചാരികളെയും ഒരേപോലെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഓക്കുളസ് അഥവാ കണ്ണ് എന്ന് വിളിക്കുന്ന ഈ വലിയ ദ്വാരമാണ് ഡോമിന്റെ ഭാരം സമാനമായി വീതിച്ച് നല്കുന്നത്. പതിനാറാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാന്തയോൺ സന്ദർശിച്ച വിശ്വപ്രസിദ്ധ ശിൽപിയായ മൈക്കൾ ആഞ്ചലോ അഭിപ്രായപ്പെട്ടത് "ഇത് മാനുഷികരൂപകൽപനയല്ല മറിച്ച് മാലാഖയുടേതാണ്" എന്നാണ്. കൂടാതെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ താഴികക്കുടം മൈക്കൾ ആഞ്ചലോ രൂപകല്പന ചെയ്തത് പാന്തയോണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. 

ദേവാലയമായി മാറിയ അമ്പലം

പാന്തയോൺ അമ്പലം കത്തോലിക്കാ ദേവാലയമായി മാറുന്നത് ഏഴാം നൂറ്റാണ്ടിലാണ്. ബൈസന്റൈൻ രാജാവായ ഫോക്കാസ് ഏഡി 609-ൽ ബോണിഫേസ് നാലാമൻ മാർപാപ്പക്ക് പാന്തയോൺ നല്കുകയും, അതേവർഷം മെയ് പതിമൂന്നിന് മാർപാപ്പയുടെ നിർദ്ദേശപ്രകാരം അത് കൂദാശചെയ്യുകയും, മാതാവിന്റെയും രക്തസാക്ഷികളുടെയും പേരിലുളള കത്തോലിക്കാദേവാലയമായി അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. മാതാവിൻറെ ഐക്കണും റോമിലെ ഭൂഗർഭ സെമിത്തേരികളായിരുന്ന കാറ്റെക്കോമ്പുകളിൽ നിന്നും കൊണ്ടുവന്ന രക്തസാക്ഷികളുടെ തിരുശേഷിപ്പും ഈ ദൈവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു.

പാന്തയോണിലെ പെന്തകുസ്താചരണം
സെഹിയോൻ ഊട്ടുശാലയിൽ സമ്മേളിച്ചിരുന്ന മാതാവിന്റെയും ശ്ലീഹന്മാരുടെയുംമേൽ സഹായകനായ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിൽ ഇറങ്ങിവന്നതിനെയാണ് പെന്തകുസ്താത്തിരുന്നാളിൽ നാം അനുസ്മരിക്കുന്നത്. ഈ അനുസ്മരണം റോമിലെ എല്ലാ ദൈവാലയങ്ങളിലും നടത്താറുണ്ടെങ്കിലും പാന്തയോണിലെ ആഘോഷം വളരെ പ്രത്യേകത നിറഞ്ഞതാണ്. പന്തകുസ്താദിവസം അർപ്പിക്കുന്ന ആഘോഷപൂർവ്വമായ വി.കുർബാനയുടെ അവസാനഭാഗത്തായി തീനാവുകളുടെ രൂപത്തിലുളള പരിശുദ്ധാത്മാവിന്റെ ആഗമനത്തെ അനുസ്മരിപ്പിക്കത്തക്കവിധം ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ പാന്തയോണിന്റെ ഡോമിനു മുകളിലുളള ഓക്കുളസിലൂടെ വിശ്വാസികളുടെമേൽ വർഷിക്കുന്നു. 





റോമിലെ അഗ്നിശമനസേനയാണ് ഇതിനായുളള ഒരുക്കങ്ങൾ നടത്തുന്നത്.  

പാന്തയോണിലെ റോസപ്പൂമഴയും പെന്തകുസ്താചരണവും വീഡിയോ കാണാം....


Prayerful wishes, Fr. Mathew Jinto Muriankary


Monday, May 18, 2020

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദി അനുസ്മരണം

ലോക്ക്ഡൗണിനുശേഷം സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച ആദ്യത്തെ വി.കുർബാന...
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദിയുടെ ദിവസം, സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ  അദ്ദേഹത്തിൻറെ കബറിടം സ്ഥിതിചെയ്യുന്ന ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വി.കുർബാന അർപ്പിച്ചു.












Thursday, May 7, 2020

ഉപാധികളോടെ ഇറ്റലിയിൽ പളളികൾ തുറക്കുന്നു

കൊറോണ വൈറസ് ഭീതിയിൽ അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രതിനിധികളും ഇറ്റാലിയൻ സർക്കാർ അധികൃതരും തമ്മിലുളള ചർച്ചയിൽ ധാരണയായിരിക്കുന്നു. മെയ് പതിനെട്ടുമുതൽ ദൈവാലയങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ വിശുദ്ധ കുർബാന അർപ്പിക്കുവാനുളള അനുവാദമാണ് ലഭിച്ചത്. വിശ്വാസികളുടെ സുരക്ഷയെപ്രതി, ഏതാനും കർശന നിബന്ധനകൾ പാലിക്കാൻ സഭാധൃകതരും വിശ്വാസികളും തയ്യാറാകണമെന്നും സർക്കാർ പ്രത്യേകം ഓർമ്മിപ്പിച്ചു. അതിൻറെ അടിസ്ഥാനത്തിൽ ഇറക്കിയിരിക്കുന്ന നിബന്ധനകൾ ഇപ്രകാരമാണ്...
സാമൂഹികഅകലം പാലിക്കുക
ദൈവാലയത്തിൽ വിശുദ്ധ കുർബാനക്ക് എത്തുന്ന വിശ്വാസികൾ, തങ്ങളുടെ മുൻപിലും വശങ്ങളിലും നിൽക്കുന്നവരിൽ നിന്നും കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
ദൈവാലയവാതിലിലെ നിയന്ത്രണങ്ങൾ
ഓരോ പളളിയുടെയും പ്രവേശനകവാടത്തിൽ, മാസ്കും ഗ്ലൗസും ധരിച്ച സന്നദ്ധപ്രവർത്തകർ ഉണ്ടായിരിക്കണം. ഓരോ പളളിയുടെയും സ്ഥലപരിമിതകൾ മനസ്സിലാക്കി, സാമൂഹികഅകലം ഉറപ്പുവരുത്തുന്ന രീതിയിൽ വിശ്വാസികളുടെ എണ്ണമെടുത്തു പ്രവേശനം അനുവദിക്കുക എന്നതാണ് അവരുടെ ദൗത്യം. കൂടാതെ, സാമൂഹികഅകലം പാലിച്ച് പളളിയിൽ പ്രവേശിക്കുവാൻ സാധിക്കുന്നവരുടെ എണ്ണം പളളിയുടെ പുറത്തുളള നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
രണ്ടു വാതിലുകൾ
പളളിയിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും രണ്ടു വ്യത്യസ്ത വാതിലുകളിലൂടെയായിരിക്കണം. കൂടാതെ ഈ സമയത്ത് വിശ്വാസികൾ പരസ്പരം ഒന്നരമീറ്റർ അകലം കർശനമായി പാലിക്കണം. 
മാസ്ക് നിർബന്ധം
പളളിയിൽ പ്രവേശിക്കുന്നവർ മാസ്ക് നിർബന്ധമായി ധരിക്കണം. 
പനിയുളളവർക്കുളള നിയന്ത്രണം
പനിയുടെ രോഗലക്ഷണമുളളവരും37.5 ഉം അതി കൂടുതലും ശാരീരിക ഉഷ്മാവുളളവരും, മുൻദിവസങ്ങളിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും ദൈവാലയത്തിൽ എത്താൻ പാടില്ല എന്ന് വൈദികർ വിശ്വാസികളെ പ്രത്യേകം അറിയിക്കണം. 
അംഗപരിമിതർക്കുളള പ്രത്യേക സീറ്റുകൾ
അംഗപരിമിതരായ വിശ്വാസികളുടെ പങ്കാളിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പളളിയിൽ അവർക്ക് പ്രത്യേക സീറ്റുകൾ ഒരുക്കണം.
സാനിറ്റൈസർ ക്രമീകരിക്കുക
പളളിയിൽ സാനിറ്റൈസർ വിശ്വാസികളുടെ ഉപയോഗത്തിനായി ലഭ്യമാക്കണം. കൂടാതെ വിശുദ്ധ കുർബാന കഴിഞ്ഞ് പളളിയും സങ്കീർത്തിയും ശുദ്ധീകരിക്കണം. പളളിയുടെ പ്രവേശനകവാടത്തിങ്കലോ മറ്റു സ്ഥലങ്ങളിലോ ഹന്നാൻ വെളളം വയ്ക്കുവാൻ പാടില്ല.
ലിറ്റർജിയിലുളള നിയന്ത്രണങ്ങൾ
വി. കുർബാന മദ്ധ്യേ സമാധാനം ആശംസ കൈമാറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വി. കുർബാന വിശ്വാസികൾക്ക് നല്കുന്നതിന് മുൻപായി വൈദികൻ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ഗ്ലൗസ് ധരിക്കുകയും ചെയ്യണം. നേർച്ചപണം ഇരിപ്പിടങ്ങളിൽ നേരിട്ട്ചെന്ന് ശേഖരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സാമൂഹികഅകലം ഉറപ്പുവരുത്തിക്കൊണ്ട് വിശുദ്ധ കുമ്പസാരം നടത്താവുന്നതാണ്. തിരുകർമ്മങ്ങളിൽ ഗായകസംഘം പാടില്ല. എന്നാൽ, ഓർഗൻ വായിക്കാനായി ഒരാളെ നിയമിക്കാൻ അനുവാദമുണ്ട്.
വിവാഹം, മാമ്മോദീസാ, മൃതസംസ്കാരം
ഇവിടെ പ്രതിപാദിച്ച എല്ലാ നിയമങ്ങളും പളളിയിൽ വച്ചു നടത്തപ്പെടുന്ന മാമ്മോദീസാകൾക്കും വിവാഹങ്ങൾക്കും മൃതസംസ്കാരശുശ്രൂഷകൾക്കും ബാധകമാണ്. കൂടാതെ, സാധിക്കുന്നതും തുറന്ന സ്ഥലത്ത് ഈ ശുശ്രൂഷകൾ നടത്തുവാൻ ശ്രദ്ധിക്കണം. ആരോഗ്യസ്ഥിതിയുടെയും പ്രായത്തിൻറെയും  കോവിഡിൻറെ പ്രത്യേക സാഹചര്യത്തിൽ, ഞായറാഴ്ചകളിലും കടമുളള ദിനങ്ങളിലും തിരുകർമ്മങ്ങളിൽ പങ്കെടുക്കുത്തതിൽ നിന്നും പ്രായമുളളവർക്കും ആരോഗ്യപ്രശ്നമുളളവർക്കും ഒഴിവുണ്ടെന്നുളള കാര്യം വിശ്വാസികളെ വൈദികരെ അറിയിക്കണം.
ഇറ്റലിയിൽമെയ് നാലുമുതൽ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ അനുവദിച്ചതിനുശേഷം നടത്തിയ ചർച്ചകളിലാണ് പളളികൾ തുറക്കുവാനുളള തീരുമാനത്തിലേക്ക് ഇറ്റാലിയൻ സർക്കാർ എത്തിയത്. ഏകദേശം രണ്ടു മാസങ്ങളായി വി.കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്ത അനേകായിരം വിശ്വാസികൾക്ക് ഈ തീരുമാനം സന്തോഷപ്രദമാണ്. കൂടാതെ, കോവിഡിൻറെ കരാളഹസ്തത്തിൽ അകപ്പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി പളളിയിൽ നേരിട്ടുപോയി പ്രാർത്ഥനാശുശ്രൂഷകൾ നടത്തുവാൻ സാധിക്കുമെന്നതും അവർക്കു ആശ്വാസം നല്കുന്നു. 
കടപ്പാട് - ഗൂഗിൾ ഇമേജ്, മെസ്സജേറോ ന്യൂസ് പേപ്പർ
ഫാ.ജിൻറോ മുര്യങ്കരി

ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക...
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദി അനുസ്മരണം - ലോക്ഡൗണിനുശേഷം വത്തിക്കാനിൽ മെയ് 18നു ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച വി. കുർബാന

Tuesday, May 5, 2020

ഇറ്റലയിലെ ലോക്ക്ഡൗൺ ഇളവുകൾ (My Article published on Mathrubhumi News)



കൊറോണ വൈറസ് ഗ്രസിച്ചിരിക്കുന്ന ഇറ്റലിയിൽ, മെയ് നാലുമുതൽ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ അനുവദിക്കുന്നു എന്ന വാർത്ത  ലോകം മുഴുവൻ ചർച്ചയായിരുന്നു. ആരോഗ്യസുരക്ഷക്കുളള എല്ലാ മുൻകരുതലുകളും എടുത്തുകൊണ്ടാണ് ഏതാനും ഇളവുകൾ ഇറ്റാലിയൻ സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ ഇളവിൻ്രെ ആദ്യദിവസമായ മെയ് നാലാം തീയതി, തിങ്കളാഴ്ച, ഇറ്റലിയിൽ അസാധാരണ തിരക്ക് അനുഭവപ്പെടും എന്ന് പലരും ഭയപ്പെട്ടിരുന്നുവെങ്കിലും അങ്ങനെ സംഭവിച്ചില്ല എന്നാണ് ടെലിവിഷൻറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരിന്നാലും, ചില സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവർക്കും, സാമൂഹികഅകലം പാലിക്കാത്തവർക്കും പോലീസ് പിഴ ചുമത്തിയ വാർത്തയും പുറത്തു വരുന്നുണ്ട്. കൂടാതെ പൊതുഗതാഗതവാഹനങ്ങളിൽ യാത്രക്കാർക്ക് സാമൂഹികഅകലം കണക്കിലെടുത്തുളള സീറ്റുകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം കാറ്റിൽ പറത്തി ട്രെയിൻയാത്രക്കാരുടെ തളളിക്കയറ്റമുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളും മീഡിയാചാനലുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. നിയമങ്ങൾ അനുസരിക്കാതെ നടത്തിയ യുവാക്കളുടെ ജന്മദിനാഘോഷപാർട്ടി പോലീസ് തടയുകയും പിഴ ചുമത്തുകയും ചെയ്തതാണ് ഇന്നു പുറത്തുവന്ന മറ്റൊരു വാർത്ത. 


ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ വരുത്തി ഇറങ്ങിയ ഓർഡിനൻസിൽ, പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും, സാമൂഹിക അകലം ഒരു മീറ്റർ പാലിക്കണമെന്നും വളരെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാവരിലേക്കും മാസ്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മാസ്കിൻറെ വില അൻപത് സെൻറ് (ഏകദേശം നാല്പത് രൂപ) ആയി സർക്കാർ വെട്ടിച്ചുരിക്കിയിട്ടുണ്ട്. ഇറ്റലി മുഴുവൻ ഇതേ വിലയിൽ മാസ്ക് ലഭ്യമാക്കും എന്ന് സർക്കാർ അറിയിച്ചു. ശ്വാസകോശസംബന്ധമായ രോഗലക്ഷണമുളളവരും, 37.5 ൽ കൂടുതൽ ശാരീരിക ഉഷ്മാവുളളവരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല എന്ന കർശന നിബന്ധനയും ഈ ഓർഡിനൻസിൽ പ്രത്യേകം ചേർത്തിട്ടുണ്ട്. 

ആരോഗ്യം, ജോലി, അത്യാവശ്യകാര്യങ്ങൾ എന്നിവയ്ക്കായി സ്വന്തം റീജിയണിനകത്ത് യാത്രചെയ്യാം  എന്നതാണ് ഇറ്റലിയിലെ ലോക്ക്ഡൗൺ ഇളവുകളുടെ രത്നചുരുക്കം. ഇതിൽ അത്യാവശ്യകാര്യങ്ങൾക്ക് ഒരേ റീജിയണിൽ, വിവിധ സ്ഥലങ്ങളിലായിരിക്കുന്ന ബന്ധുക്കളെ (ബന്ധത്തിലെ ആറാം ഗ്രേഡുവരെ- മാതാപിതാക്കൾ, ഗ്രാൻഡ്പേരൻറസ്, സഹോദരങ്ങൾ, കസിൻസ്, അങ്കിൾ ആൻറി, കസിൻസിൻറെ മക്കൾ) സന്ദർശിക്കുന്നതും, പ്രിയപ്പെട്ടവരെ (ഒരേ റീജിയണിലെ വിവിധ സ്ഥലങ്ങളിലായിരിക്കുന്ന ലൈഫ് പാർട്ട്ണേഴ്സു മുതൽ അവരുടെ കസിൻസ് വരെയും കൂടാതെ ഗേൾ ഫ്രണ്ടും ബോയ് ഫ്രണ്ടും ഇതിൽ ഉൾപ്പെടും) സന്ദർശിക്കുന്നതും അനുവദിച്ചിട്ടുണ്ട്. എന്നാൽ കുടുംബസമ്മേളനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, സന്ദർശനവേളയിൽ സാമൂഹിക അകലവും മാസ്കും നിർബന്ധമാണ്. പുതിയ സത്യവാങ്മൂലത്തിൽ -ബന്ധുക്കളെ സന്ദർശിക്കുന്നു- എന്ന കാരണം കൂട്ടിച്ചേർത്തിട്ടുണ്ട്. ജോലിക്കുപോകുന്നവർക്കു സത്യവാങ്മൂലം നിർബന്ധമല്ല. ജോലിസ്ഥലത്തെ ഐഡൻറിറ്റി കാർഡ് കാണിച്ചാലും മതി. 


പാർക്കുകളും ഉദ്യാനങ്ങളും തുറക്കുമെങ്കിലും, ഒത്തുചേരലുകളും സാമൂഹ്യകായികവിനോദങ്ങളും (ഉദാ.ഫുട്ബോൾ) കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, സുഹൃത്തുക്കളെ സന്ദർശിക്കുവാനോ പാർട്ടി നടത്തുവാനോ അനുവാദമില്ല എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

വ്യക്തിഗതവ്യായാമങ്ങൾക്കായി സ്വന്തം വീടുകളിൽ നിന്നും ദൂരെയുളള സ്ഥലങ്ങളിലേക്ക് പോകാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും ഇതിനായി പുറത്തിറങ്ങുന്നവർ രണ്ടു മീറ്റർ അകലം പാലിക്കണം എന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം.  

സ്വന്തം റീജിയനിൽ നടക്കുന്ന മൃതസംസ്കാരശുശ്രൂഷകൾക്ക് പതിനഞ്ചുപേർക്ക് പങ്കെടുക്കാവാനും, സെമിത്തേരിയിൽ പ്രിയപ്പെട്ടവരുടെ കബറിടങ്ങൾ സന്ദർശിക്കുവാനും പുതിയ ഓർഡിനൻസ് അനുവാദം നല്കുന്നുണ്ടെങ്കിലും മൃതസംസ്കാരശുശ്രൂഷകൾ തുറന്ന സ്ഥലത്ത് നടത്തണമെന്നും, മാസ്കും സാമൂഹിക അകലവും നിർബന്ധമാണെന്നും കൂട്ടിച്ചേർത്തിരിക്കുന്നു. 

രണ്ടു വീടുളളവർക്ക്, ഒരേ റീജീയണിൽ ആണെങ്കിൽ പോലും, രണ്ടാമത്തെ വീടുകളിലേക്ക് വളരെ അത്യാവശ്യമായ കാരണങ്ങൾ (ആരോഗ്യപരമായ കാര്യങ്ങൾ)ഇല്ലെങ്കിൽ പോകാൻ അനുവാദമില്ല. 

ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ കൊണ്ടുവന്ന ഓർഡിനൻസിലെ മറ്റു പ്രധാന നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
·       വീടുകളിൽ എത്തിച്ച് കൊടുക്കുന്ന ഫുഡിനു പുറമേ, ടേക്ക് എവേ ഫുഡിനും അനുവാദമുണ്ട്. സമ്മേളനങ്ങൾ ഒഴിവാക്കാനായി പാർക്കിൽ ഇരുന്ന് കഴിക്കുന്നത് അനുവദിച്ചിട്ടില്ല.
·       സൂപ്പർമാർക്കറ്റിൽ പ്രവേശിക്കുവാനും തിരിച്ചിറങ്ങുവാനും രണ്ടു വ്യത്യസ്ത വഴികളുണ്ടായിരിക്കണം. കൂടാതെ, ഗ്ലൗസും സാനിറ്റൈസറും സൂപ്പർമാർക്കറ്റിൽ പേയിങ്ങ് കൗണ്ടറിൻറെ അടുത്തായി ഉണ്ടായിരിക്കണം.
·       സൂപ്പർമാർക്കറ്റുകൾ സാധാരണ സമയക്രമീകരണങ്ങളിലേക്ക് തിരികെയെത്തും (ലോക്ക്ഡൗണിനുമുൻപുളള സമയം)
·       ഏപ്രിൽ 26 ലെ നിയമമനുസരിച്ച് മറ്റു റീജിയണിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സ്വന്തം റീജിയണിലെ വീടുകളിൽ തിരിച്ചെത്താം. എന്നാൽ നിരന്തരം ഈ യാത്രകൾ നടത്താൻ അനുവാദമില്ല.  

ലോക്ക്ഡൗൺ ഇളവ് വന്ന ആദ്യദിവസം ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 174 ആണ്. ഇതേ ദിവസം തന്നെ 1389 പേർക്ക് പുതുതായി രോഗവും ബാധിച്ചിട്ടുണ്ട്. തലേദിവസത്തേക്കാൾ മരണസംഖ്യയിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവു രാജ്യത്തിന് മുഴുവൻ ആശ്വാസവും പ്രത്യാശയും നൽകുന്നുണ്ട്. എന്നിരിന്നാലും, ഇപ്പോൾ പരീക്ഷണാർത്ഥം നടപ്പിലാക്കുന്ന ലോക്ക്ഡൗൺ ഇളവുകളോടുളള ജനങ്ങളുടെ ക്രിയാത്മകവും ഉത്തരവാദിത്വപൂർണ്ണവുമായ സമീപനമായിരിക്കും  കൊറോണവൈറസ് എന്ന അദൃശ്യശക്തിക്കെതിരെയുളള ഇറ്റലിയുടെ പോരാട്ടത്തിൽ നിർണ്ണായകമാകുന്നത്.

-    ഈ ലേഖനം ഇറ്റാലിയൻ പത്രങ്ങളിൽ വന്ന വാർത്തകളെ അവലംബിച്ച് തയ്യാറാക്കിയതാണ്. 
-   ഫാ. മാത്യു ജിൻ്റോ മുര്യങ്കരി.. റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ, മീഡിയാ-കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെൻ്റിൽ ഗവേഷണവിദ്യാർത്ഥിയാണ്. 

Tuesday, April 21, 2020

‘നിത്യനഗരം’ അഥവാ ‘അനശ്വരനഗരം’


നിത്യനഗരം’ അഥവാ അനശ്വരനഗരം’ എന്ന് അറിയപ്പെടുന്ന ഇറ്റാലിയൻ തലസ്ഥാനമായ റോം നഗരംഅതിന്റെ 2773-)ം ജന്മദിനം ഇന്ന്ഏപ്രിൽ 21ന് ആഘോഷിക്കുകയാണ്.
പുരാതന റോമിലെ പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മാർക്കോ ടെറെൻത്സിയോ വറോണെ (116-27 BC), അദ്ദേഹത്തിന്റെ സുഹൃത്ത്ലൂച്ചോ തരുസിയോ നടത്തിയ ജ്യോതിഷശാസ്ത്ര നിഗമനങ്ങളെ അടിസ്ഥാനമാക്കി നിശ്ചയിച്ച തീയതിയാണിത്. റിയ സിൽവിയയുടെയും ചൊവ്വാദേവന്റെയും മക്കളായ ഇരട്ട സഹോദരങ്ങളായ റോമൊളോയും റെമോയും തങ്ങളുടെ അമ്മയാൽ ടൈബർ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ടുവെന്നുംതുടർന്ന് ഒരു ചെന്നായുംപിന്നീട് ഫൗസ്തോളോ എന്ന ആട്ടിടയനും അദ്ദേഹത്തിൻറെ ഭാര്യയും അവർക്ക് സംരക്ഷണമേകി വളർത്തിയെന്നും ഈ ഐതിഹ്യത്തിൽ വിവരിക്കുന്നു. കൂടാതെനഗരനിർമ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിൽ റോമൊളോ തൻറെ ഇരട്ട സഹോദരനെ കൊലപ്പെടുത്തിയെന്നുംപിന്നീട് തൻറെ പ്രവൃത്തിയിൽ ദുഃഖിതനായിസഹോദരനായ റെമോയുടെ ഓർമ്മക്കായി താൻ രൂപകൽപനചെയ്ത നഗരത്തിന്, 'റോമാഎന്ന് പേര് റോമൊളോ നല്കിയെന്നും ഈ ഐതിഹ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. 
മറ്റൊരു പാരമ്പര്യമനുസരിച്ച്ടൈബർ നദി എത്രൂസ്കൻ ഭാഷയിൽ റുമോൺ’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നുംഅതിൽ നിന്നും നഗരത്തിന് ആ പേര് ലഭിച്ചെന്നും പറയപ്പെടുന്നു. റോമൊളോയെയും റെമോയെയും പാലൂട്ടി വളർത്തി എന്ന് ഐതിഹ്യത്തിൽ പറയുന്ന ചെന്നായയിൽ നിന്നുമാണ് റോമിന് പേര് വന്നത് എന്നതാണ് വേറൊരു പാരമ്പര്യമനുസരിച്ച് പറയുന്നത്. കാരണം സ്തനത്തിന് എത്രൂസ്കൻ ഭാഷയിൽ റൂമാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരട്ടസഹോദരങ്ങളെ ഒരു ചെന്നായ പാലൂട്ടുന്ന രീതിയിൽ രൂപകല്പ്ന ചെയ്ത റോമിലുളള പ്രതിമറോമൻ ചരിത്രത്തിന്റെ സ്മരണയായി എല്ലാവരും കരുതിപ്പോരുന്നു. റോമിലെ പ്രശസ്ത ഇറ്റാലിയൻ ഫുഡ്ബോൾ ക്ലബായ എ.സ്. റോമായുടെ പതാകയിൽ ഈ ചെന്നായയുടെയുംറോമൊളോ-റെമോ സഹോദരന്മാരുടെയും ചിത്രമുണ്ട്.
ലോകചരിത്രത്തിലൂടെ കണ്ണോടിക്കുമ്പാൾറോമിനെ കൂടാതെഇസ്രയേലിലെ ജറുസലേം നഗരവുംജപ്പാനിലെ ക്യോട്ടോ നഗരവും, -നിത്യനഗരം- എന്ന പേരിൽ അറിയപ്പെട്ടിരുന്നുവെന്ന് നമുക്കു കാണുവാൻ സാധിക്കും. എന്നാൽറോം നഗരം മാത്രമാണ് ഇന്നും ആ പേര് നിലനിർത്തുന്നത്. ലാറ്റിൻ കവി ആൽബിയോ തിബുള്ളോയുടെ പ്രസിദ്ധ കൃതിയായ ലെ എലെജിയയിൽ ഇപ്രകാരം എഴുതിയിരിക്കുന്നുഃ “Romulus Aeternae nondum formaverat Urbis moenia”, ..ഇതിനെ വാക്യാർത്ഥത്തിൽ ഇപ്രകാരം തർജ്ജിമ ചെയ്യാം... റോമുലസ് നിത്യ നഗരത്തിൻറെ മതിലുകൾ ഉയർത്തി”. ഇതാണ്റോമുളസ് റോമാനഗരം പണിതു എന്നതിൻറെ തെളിവായി കാണിക്കുന്നത്. എന്നാൽ ഈ പ്രസ്താവനയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വർഷങ്ങളായി വിവിധ സംവാദങ്ങളും വ്യത്യസ്ത ചിന്താഗതികളും ഉണ്ടായിട്ടുണ്ട്. എങ്കിലും റോമിലെ പാലറ്റൈൻ കുന്നിലെ ഗവേഷണത്തിൽ നിന്നും ഖനനത്തിൽനിന്നും ലഭിച്ച ഏതാനും തെളിവുകൾ റോമാ നഗരത്തിന്റെ ബി.സി ഏഴാം നൂറ്റാണ്ടിലെ നിർമ്മാണത്തിനെ സാധൂകരിക്കുന്നതാണ്.
നീണ്ട വർഷങ്ങൾക്കുശേഷം, 1870 ഏപ്രിൽ 21 മുതലാണ് റോമിൻറെ ജന്മദിനാഘോഷങ്ങൾ വീണ്ടും പ്രചാരത്തിലായത്. എല്ലാ വർഷവും ഏപ്രിൽ 21നു ഉച്ചയ്ക്ക് നടക്കാറുളള ആഘോഷവേളയിൽറോമിലെ കാമ്പി ദ്ഓലിയോയിലുളള ഗോപുരത്തിന്റെ മണി മുഴക്കുന്ന പതിവുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ കൊളോസ്സയവും പാന്തയോണും പോലുളള ശിൽപകലയും വാസ്തുവിദ്യയും സമ്മേളിക്കുന്ന അനേകം സ്മാരകങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്ന നഗരംകത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാൻ സിറ്റിയെ ഉളളിൽ ഒളിപ്പിച്ചിരിക്കുന്ന നഗരംമനോഹരങ്ങളായ ഫൗണ്ടനുകളാലുംവിപുലമായ ചത്വരങ്ങളാലുംവർണ്ണശബളമായ ടൈബർ നദിയുടെ തീരങ്ങളാലും അലങ്കരിക്കപ്പെട്ട നഗരംകത്തോലിക്കാസഭയുടെ തലവനായ മാർപാപ്പ മെത്രാനായുളള നഗരംഇറ്റലിയുടെ തലസ്ഥാനനഗരി എന്നിങ്ങനെ വിവിധ രീതിയിൽ പ്രശസ്തമായ റോമിന്റെ ജന്മദിനത്തിന് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഈ വർഷംകൊറോണ വൈറസ് ഭീതിയിൽമാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ഒഴികെ മറ്റെല്ലാ ആഘോഷങ്ങളും റദ്ദുചെയ്തുകൊണ്ടുളള സന്ദേശത്തിൽറോം മേയർവിർജീനിയ റാജ്ജി ഇപ്രകാരം കൂട്ടിച്ചേർത്തു... പ്രത്യാശയുടെയും ധൈര്യത്തിൻറെയും ഒരു സന്ദേശം അയയ്‌ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഒരുമിച്ച് നമുക്ക് അത് ചെയ്യാൻ കഴിയും. റോമും ഇറ്റലിയും പല ദുരിതങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്ഈ വിഷമകരമായ നിമിഷത്തെയും നമുക്ക് മറികടക്കാൻ കഴിയും”.  
✍️Fr.Mathew (jinto) Muriankary
https://www.mjmcommunications.me

Sunday, April 19, 2020

പുതുഞായറും ദൈവകാരുണ്യ ഞായറും

ഉയിർപ്പു തിരുന്നാൾ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച കത്തോലിക്കാസഭയിൽ വളരെ പ്രധാനപ്പെട്ട ദിവസമായി ആചരിക്കപ്പെടുന്നു. പൗരസ്ത്യ-പാശ്ചാത്യ ഭേദമന്യേ കത്തോലിക്കാസഭയിൽ, അപ്പസ്തോലനായ തോമാശ്ളീഹാക്ക് ഉത്ഥിതനായ ഈശോ പ്രത്യക്ഷപ്പെടുന്നതും, തോമാശ്ളീഹാ 'എന്റെ കർത്താവേ എന്റെ ദൈവമേ' എന്ന് പറഞ്ഞു കൊണ്ട് ഈശോയിലുള്ള വിശ്വാസം പ്രഘോഷിക്കുന്നതും സുവിശേഷ വായനയിൽ ഇന്ന് പ്രത്യേകം ധ്യാനവിഷയമാക്കുന്നു. എന്നിരുന്നാലും തിരുന്നാൾ ആഘോഷത്തിൽ രണ്ടു സഭകളും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. 

പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ-മലബാർ സഭയിൽ, ഈ ഞായറാഴ്ച (പുതുഞായർ) പുതിയ ഞായറാഴ്ച എന്നു വിളിക്കപ്പെടുന്നു. ഉയിർപ്പു തിരുന്നാൾ ദിനം മാമ്മോദിസാ സ്വീകരിച്ചവർ ഈ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പൂർണമായി പങ്കെടുക്കുന്നു എന്ന സവിശേഷത ഈ ദിവസത്തിനുണ്ട്. ഇപ്രകാരം ക്രിസ്തീയ ജീവിതത്തിന്റെ കൗദാശിക അനുഭവം പൂർണ്ണമായും ആരംഭിക്കുന്ന ദിവസമായി ഇതിനെ കാണുന്നതുകൊണ്ടാണ് ഇതിനെ 'പുതുഞായർ' എന്ന് വിളിക്കുന്നത്‌. അതുകൂടാതെ, ഭാരതീയ അപ്പസ്തോലനായ തോമാശ്ളീഹായുടെ ഈശോയിലുള്ള വിശ്വാസത്തെ അനുസ്മരിച്ചുകൊണ്ട്  ഈ ദിവസം തോമാശ്ളീഹായുടെ പേരിലുള്ള ചില ദൈവാലയങ്ങളിലേക്കു തീർത്ഥാടനം നടത്തുന്ന പതിവുമുണ്ട്. ഇപ്രകാരം പ്രധാനപ്പെട്ട ഒന്നാണ്  മലയാറ്റൂർ തീർത്ഥാടന കേന്ദ്രം. തന്റെ  പുനരുത്ഥാനത്താൽ മരണത്തെയും പാപത്തെയും ജയിച്ച ഈശോയോടൊപ്പം വീണ്ടും ജനിച്ചു പാപത്തെ ഉപേക്ഷിച്ചു പുതിയ ജീവിതം നയിക്കാനും  ഈ തിരുന്നാൾ വിശ്വാസികളെ ഓർമിപ്പിക്കുന്നു.

പാശ്ചാത്യ (ലാറ്റിൻ) സഭയിൽ ഈ ഞായറാഴ്ച 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച' എന്നാണ് അറിയപ്പെടുന്നത്. പോളണ്ട് സ്വദേശിയായ വിശുദ്ധ ഫൗസ്തീന കൊവാൾസ്‌കായ്ക്കു(1905-1938) 1931 ൽ ലഭിച്ച ഈശോയുടെ ദർശനമാണ് ഈ തിരുന്നാൾ ആചരണത്തിന്റെ ഉറവിടം. ഈശോയുടെ നെഞ്ചിൽ നിന്നും ചുമപ്പും (ഈശോയുടെ തിരുരക്തത്തിന്റെ പ്രതീകം), മങ്ങിയ വെള്ളയും (ആത്‌മാക്കളെ വിശുദ്ധീകരിക്കുന്ന ജലത്തിന്റെ പ്രതീകം) നിറങ്ങളിലുള്ള രശ്മികൾ പുറപ്പെടുന്ന രീതിയിൽ ഉള്ള ഒരു മിശിഹാദർശനമാണ് സിസ്റ്റർ ഫൗസ്റ്റീനക്ക് ലഭിച്ചത്.  ഈ ദർശനത്തിൽ കാണപ്പെട്ട ഈശോയുടെ ചിത്രം വരക്കുവാനും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയായി' ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ആചരിക്കുവാനുമുള്ള ആഹ്വാനം വിശുദ്ധക്ക് ദർശനത്തിൽ ലഭിച്ചു.  മറ്റൊരു ദർശനത്തിൽ കരുണയുടെ പ്രാർത്ഥനകൾ ചൊല്ലുന്നതിന്റെ ആവശ്യകതയെപ്പറ്റി വിശുദ്ധ ഫൗസ്തീനായ്ക് വെളിപാട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 'കരുണകൊന്ത' എന്ന പ്രാർത്ഥന കത്തോലിക്കാ സഭയുടെ പ്രാർത്ഥനകളിൽ ഇടം നേടുകയുണ്ടായി. 2000-ജൂബിലി വർഷത്തിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ' സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച' കത്തോലിക്കാസഭയിൽ ഒരു പ്രധാനപ്പെട്ട തിരുന്നാളായി ആഘോഷിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.  ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 ൽ വാഴ്ത്തപ്പെട്ടവനായും 2014 വിശുദ്ധനായും പ്രഖ്യാപിച്ചതും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച'യായിരുന്നു.
അവരുടെ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയും വലിയ പ്രാധാന്യത്തോടെ ഈ തിരുനാൾ ആഘോഷിക്കുന്നു. വത്തിക്കാൻ ബസിലിക്കയിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹോളിസ്പിരിറ്റ് ആശുപത്രിയോട് ചേർന്നുളള ഹോളിസ്പിരിറ്റ് ദൈവാലായത്തിൽ ഇന്നു അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ മാർപാപ്പ മുഖ്യകാർമ്മികനാകും. ദൈവകാരുണ്യഞായറാഴ്ച പ്രഖ്യാപിച്ചതിൻറെ ഇരുപതാം വാർഷികം കൂടിയാണ് ഈ വർഷം. 
Video courtesy: Vatican Media, Google Image
✍️Fr.Mathew (jinto) Muriankary

Thursday, April 16, 2020

വിശ്വാസത്തിന്റെ കാവലാൾ






ഏതാനും മാസങ്ങൾ മുമ്പു മാർപാപ്പമാരുടെ വേനൽക്കാല വസതിയായിരുന്ന കസ്റ്റൽ ഗൊണ്ടോൾഫോ സന്ദർശിച്ചപ്പോൾ മാർപാപ്പയുടെ മുറിയുടെ സൂക്ഷിപ്പിക്കാരൻ, ബനഡിക്ട് പതിനാറാമൻ എമിരിത്തൂസ് മാർപാപ്പയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ചും എളിമയെക്കുറിച്ചും സ്ഥാനത്യാഗത്തിന്റെ മുമ്പും, ശേഷവുമുളള വേനൽക്കാലവസതിയിലെ മാർപാപ്പയുടെ ദിവസങ്ങളെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. എന്നാൽ, ഇതിനിടയിൽ തന്റെ ശബ്ദം ഇടറുന്നതും കണ്ണുകൾ ഈറനണിയുന്നതും അദ്ദേഹത്തിന് ഒളിപ്പിക്കാനായില്ല. സഭാദർശനങ്ങളിലൂടെയും പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയങ്ങളിൽ ഇടം നേടിയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ തൊണ്ണൂറ്റിമൂന്നാം -------------ജന്മദിനമാണിന്ന്. 1927ലെ ഈസ്റ്റർ രാത്രിയിലാണ് (ഏപ്രിൽ 16) ജർമ്മനിയിലെ മാർക്ടല് അം ഇന്നിൽ അദ്ദേഹം ജനിച്ചത്. 

ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ൽ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങർ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ വിളിച്ചു.  പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ  പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ  കമ്മീഷൻ അദ്ധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾസംഘത്തിൻറെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു.  

കത്തോലിക്കാസഭയിലെ 265-)o മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കാർഡിനൽ റാറ്റ്സിങ്ങർ, -ബനഡിക്ട് പതിനാറാമൻ- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിൻറെ അർത്ഥം -അനുഗ്രഹിക്കപ്പെട്ടവൻ- എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. 
കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും പരിദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന  ന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം മറ്റൊരാൾക്കായി, സഭയുടെ ഉപരിനന്മയ്ക്കായി ത്യജിച്ചുകൊണ്ട് തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റായത്. 

ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബനഡിക്ട് മാർപാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തൻറെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുളളു. 1294ൽ രാജിവെച്ച ചെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പയായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് അറിയപ്പെടുന്നു.

സ്ഥാനത്യാഗത്തിനുശേഷം കസ്റ്റെൽ ഗൊണ്ടോൾഫോയിലേക്ക് ബനഡിക്ട് മാർപാപ്പ ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിൻറെയും പിൻബലത്തിൽ ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. ന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്കാസഭക്കുവേണ്ടിയും, അതിന്റെ ഇടയനും ന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പക്കുവേണ്ടിയും പ്രാർത്ഥനയിൽ മുഴുകി വിശ്രമജീവിതം നയിക്കുകയാണ് ബനഡിക്ട് എമിരിത്തൂസ് മാർപാപ്പ.