Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Saturday, December 7, 2013

ക്രിസ്തുമസ് ചിന്തകൾ - 7 - പാന്തെയോണ്‍

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ  പ്രതീക്ഷിക്കുന്നു.നന്ദി
റോം നഗരത്തിൽ ക്രിസ്തുവിന്റെ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്നതും ഇന്നും അവശേഷിക്കുന്നതുമായ  മൂന്നു കാര്യങ്ങളാണ്, ആപ്പിയൻ വഴി (വിയാ ആപ്പിയ - ബിസി 312)  ,കുതിരയോട്ട മത്സരസ്ഥലമായിരുന്ന സർക്കസ് മാക്സിമൂസ് (ചീർക്കൊ മാക്സിമോ ബിസി 300), പേഗൻ അന്പലമായിരുന്ന പാന്തെയോണ്‍(ബിസി 27)   എന്നിവ. 


ആപ്പിയൻ വഴി
സർക്കസ് മാക്സിമൂസ് 
പാന്തെയോണ്‍ 


റോമൻ ശിൽപകലാ വൈഭവത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും  പ്രതിരൂപമായ പാന്തെയോണ്‍ അന്പലം ബിസി 27ൽ മാർക്കുസ് വിസ്പ്സ്യാനുസ് ചക്രവർത്തി നിർമ്മിച്ചുവെന്നാണ് ഭൂരിപക്ഷം ഗവേഷകരും അഭിപ്രായപ്പെടുന്നത്.  എന്നാൽ എ.ഡി 80 ൽ ദൊമിഷ്യൻ ചക്രവർത്തിയുടെ കാലത്തും, എ ഡി 120 ൽ ഹാട്ര്യൻ  ചക്രവർത്തിയുടെ കാലത്തും ഇത് പുനർനിർമിക്കപെട്ടിട്ടുണ്ട്റോമൻ ദേവന്മാർക്കും ദേവതകൾക്കും സമർപ്പിച്ചിരുന്ന ഈ അന്പലം എ ഡി 609-ൽ ഫോകാസ് ചക്രവർത്തി, ബൊനിഫൈസ് നാലാമൻ മാർപാപ്പക്ക്  കൈമാറിയതോടെ  പരിശുദ്ധ അമ്മക്കും സകല രക്തസാക്ഷികൾക്കും സമർപ്പിച്ച ഒരു ദൈവാലയമായിത്തീർന്നു.  
പാന്തെയോണ്‍
ഒരുപക്ഷേ, മേൽക്കൂര പൂർത്തിയാക്കാത്ത ഒരു ദൈവാലയം ഇന്ന് ചിന്തിക്കുക തന്നെ പ്രയാസമാണ്. എന്നാൽ പാന്തെയോണ്‍ രണ്ടായിരത്തിലധികം വർഷങ്ങളായി ഇപ്രകാരം നിലനിൽക്കുന്നത്തിന്റെ രഹസ്യവും ഇത് തന്നെയാണെന്നാണ് എഞ്ചിനിയർമാർ അഭിപ്രായപ്പെടുന്നത്.  അകത്തുനിന്നും പുറത്തുനിന്നുമുള്ള വായുസമ്മർദ്ദം കെട്ടിടത്തെ താങ്ങി നിർത്തുന്നുവത്രേ. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന  ഈ ദൈവാലയം കണ്ടിട്ട് "ഇത് മനുഷ്യനുണ്ടാക്കിയ രൂപരെഖയല്ല മറിച്ചു  ദൈവദൂതന്മാർ ഉണ്ടാക്കിയതാണ്" എന്ന് വിഖ്യാതനായ മൈക്കിൾ ആഞ്ചലോ അഭിപ്രായപ്പെടുകയുണ്ടായിപാന്തെയോണ്‍ സന്ദർശിക്കുന്ന ഒരു വ്യക്തിക്ക് ഇപ്രകാരം  തോന്നിയാൽ അത്ഭുതപ്പെടാനില്ല കാരണം തുറന്നു കിടക്കുന്ന മുകൾ ഭാഗത്തിലൂടെ സൂര്യപ്രകാശം അകത്തു കടക്കുന്പോൾ  സ്വർഗ്ഗീയ വെളിച്ചം ഭൂമിയിൽ പതിക്കുന്നത് പോലുള്ള ഒരു പ്രതീതിയാണു ഉടലെടുക്കുന്നത്.  



പിറവിത്തിരുന്നാൾ ആഘോഷിക്കുന്പോൾ നമ്മുടെ ഉള്ളിലും ഇപ്രകാരം ഒരനുഭവം ഉണ്ടാകുന്നുണ്ട്, ഒരു സ്വർഗ്ഗിയ അനുഭവം. എന്നാൽ അത് പാന്തയൊണിലെ പോലെ ഒരു പ്രതീതിയല്ല മറിച്ചു ഒരു ചരിത്ര സംഭവം വിശ്വാസത്തിന്റെ  കണ്ണുകളിലൂടെ കാണുകയാണ്. സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുവാൻ നമ്മിലൊരുവനായി എളിയവനായി ബെത്ലഹേമിൽ ജനിച്ചവനെ അനുഭവിക്കലാണ്. ഇറ്റലിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെട്ട ഒരു ഗാനമാണ്,  ….താരങ്ങളിൽ നിന്നും ഇറങ്ങിവരുന്ന സ്വർഗ്ഗിയ രാജാവേ…എന്നു തുടങ്ങുന്ന ക്രിസ്ത്മസ് ഗാനം. 



(യുടുബിൽ ഗാനം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)

നമ്മെ സ്വന്തമാക്കാൻ ബെത്ലഹേമിലെ കൊടുംതണുപ്പിൽ ദരിദ്രനായി ജനിച്ച സ്വർഗ്ഗിയ രാജാവിന്റെ സ്നേഹത്തെയും നിസ്സഹായ അവസ്ഥയെയും വിവരിക്കുന്ന മനോഹരമായ ഒരു ഗാനം. ലോകരക്ഷകനായി വരുന്ന ഇമ്മനുവേലിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കുകയാണ് ക്രിസ്തുമസ്സിനു ഒരുക്കമായുള്ള ഈ ദിനങ്ങൾ. ഞാൻ ലോകത്തിന്റെ പ്രകാശമാണെന്നു അരുൾചെയ്ത മിശിഹായുടെ ജനനത്തിരുന്നളിനു ഒരുങ്ങുവാൻ ഏറ്റവും ആവശ്യമായത് നമ്മുടെ ജീവിതങ്ങളെ ആ പ്രകാശത്തിൽ കാണുക, തിരിച്ചറിയുക, പുനക്രമീകരിക്കുക എന്നതാണ്.  സ്വർഗത്തെയും ഭൂമിയെയും ഒരുമിപ്പിക്കുന്ന സ്വർഗ്ഗിയ പ്രകാശത്താലും ദൈവസ്നേഹത്താലും നമ്മുടെ ഹൃദയങ്ങൾ നിറയട്ടെ

…………………………………….ദൈവസ്നേഹം………………………………..

…തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹന്നാൻ 3/16 )


മറ്റു ദിവസങ്ങളിലെ ചിന്തകൾ കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഡിസംബർ 1 ക്രിസ്തുമസ് ചിന്തകൾ -1 - കൊളൊസ്സെയം - ഹൃദയതുറവി
ഡിസംബർ 2  ക്രിസ്തുമസ് ചിന്തകൾ - 2 - സത്യത്തിന്റെ വായ്‌മുഖം (Bocca della Verità)-ഹൃദയവിശുദ്ധി 
ഡിസംബർ 3 ക്രിസ്തുമസ് ചിന്തകൾ - 3 - ബെർലുസ്കോണി - തിരിച്ചറിവ് 
ഡിസംബർ 4  ക്രിസ്തുമസ് ചിന്തകൾ - 4 - മൈക്കൾ ആഞ്ചലോ - വിശ്വാസം 

ഫോട്ടോകൾ: കടപ്പാട് - ഗൂഗിൾ ഇമേജ് 

Thursday, December 5, 2013

വത്തിക്കാനിലെ ക്രിസ്തുമസ് ട്രി

ത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമാകുവാൻ ഉയരത്തിൽ ഒബ്ലിസ്കിനോട് കിടപിടിക്കുന്ന ക്രിസ്തുമസ് ട്രി ഇന്നെത്തും. സെന്റ്‌ പീറ്റേഴ്സ്  ചത്വരത്തിൽ എല്ലാ വർഷവും എന്നപോലെ ഈ വര്ഷവും ക്രിസ്തുമസ് ട്രി ഉയരുകയാണ്. ജോണ്‍ പോൾ രണ്ടാമൻ പാപ്പയുടെ പ്രത്യേക താൽപര്യ പ്രകാരം 1982 ലാണ് ക്രിസ്തുമസ് ട്രി ആദ്യമായി  സെന്റ്‌ പീറ്റേഴ്സ്  ചത്വരത്തിൽ ഉയർന്നത്. യുറോപ്യൻ രാജ്യങ്ങളാണ് സാധാരണ രീതിയിൽ വത്തിക്കാനു ക്രിസ്തുമസ് ട്രി സമ്മാനിക്കുന്നത്. 1982-ൽ  ആദ്യ മരം ഇറ്റലിയിൽ നിന്നായിരുന്നുവെങ്കിൽ ഇപ്രാവശ്യം 25 മീറ്റർ ഉയരമുള്ള ക്രിസ്ത്മസ് ട്രി എത്തുന്നത് ജർമ്മൻ പ്രവിശ്യയായ  ബവേറിയയിലെ റേഗൻസ്ബുർഗിൽ നിന്നാണ്. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ്  ചത്വരത്തിൽ ഒരുങ്ങുന്ന പുൽക്കൂടിനോട് ചേർന്നായിരിക്കും ക്രിസ്തുമസ് ട്രിയുടെ സ്ഥാനംയുറോപ്പിന്റെ ഹൃദയഭാഗത്ത് നിന്ന് കത്തോലിക്കാ സഭയുടെ കേന്ദ്രത്തിൽ ക്രിസ്തുമസ് മരം എത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് റേഗൻസ്ബുർഗ് അതിരൂപതാദ്ധ്യക്ഷൻ ആർച്ബിഷപ്‌ റുഡോൾഫ്‌ വോടെർഹോൽത്സർ അറിയിച്ചു. 



കടപ്പാട്: ഗുഗിൾ ഇമേജ് & വത്തിക്കാൻ ഇന്സൈടെർ 


വത്തിക്കാൻ നെറ്റ്‌വർക്കിൽ നിന്നുള്ള (ഇന്നത്തെ)ചിത്രങ്ങൾ. todays photos from vat. network





Wednesday, December 4, 2013

ക്രിസ്തുമസ് ചിന്തകൾ - 4 - മൈക്കൾ ആഞ്ചലോ

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു.നന്ദി


ർവ്വകലാവല്ലഭനായ (ശില്പി, ചിത്രകാരൻ, കവി..) മൈക്കൾ ആഞ്ചലോയെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമാണ്. അദ്ദേഹത്തിൻറെ മാസ്റ്റർ പീസായ 'പിയെത്ത' എന്ന അതിനനോഹര ശിൽപം കാണുവാനും വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിലെ അദ്ദേഹത്തിൻറെ ചുവർചിത്രങ്ങളായ അന്ത്യവിധിയും മനുഷ്യസൃഷ്ടിയും കാണുവാൻ ആയിരങ്ങളാണ് അനുദിനം വത്തിക്കാനിൽ എത്തുന്നത്.  ഒരു ശിൽപി തന്റെ കൊത്തുപണി ആരംഭിക്കുന്നതിന് മുൻപ് തന്നെ മനസ്സിലും വസ്തുവിലും ഒരു രൂപം കാണുന്നു. മൈക്കൾ ആഞ്ചലോയും അപ്രകാരമായിരുന്നു, യാതൊരു ആകാര ഭംഗിയുമില്ലാതിരുന്ന  കറാര മാർബിളിൽ 'പിയെത്ത'യുടെ രൂപം കാണുകയും തന്റെ കരകൌശലവിദ്യയിലൂടെ അത് പൂർണ്ണമാക്കുകയും ചെയ്തു. 



പിറവിത്തിരുന്നാളിന് ഒരുങ്ങുന്പോൾ നമ്മുടെ ഉള്ളിലും ഏകദേശം ഇതുപോലെയുള്ള ഒരു സമീപനം ഉണ്ടാകേണ്ടിയിരിക്കുന്നു. പുൽകൂടിൽ പിള്ളകച്ചയിൽ പൊതിഞ്ഞു കിടക്കുന്ന ഒരു ശിശുവിൽ  ലോകരക്ഷകനായ ദൈവപുത്രൻ ഒളിഞ്ഞിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു സ്വീകരിക്കുവാൻ മനസ്സിനെയും ഹൃദയത്തെയും  ഒരുക്കുകയാണ് അതിനു വേണ്ടത്. ഇവിടെ കൊത്തുപണികൾ നടത്തേണ്ടത് നമ്മുടെ ഹൃദയത്തിലാണ്. 

ഇസ്രയേൽ ജനം പ്രതിക്ഷിച്ചിരുന്നത് സർവ്വ പ്രതാപത്തോടും കൂടി അവരെ രക്ഷിക്കാൻ വരുന്ന ഒരു രാജാവിനെയാണ്. ബെത്ലഹേമിൽ ദരിദ്രനായി ജനിച്ച ഒരു ശിശുവിൽ ദൈവപുത്രനെ കാണുകയെന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. എന്നാൽ നമ്മുക്ക് ഇന്ന് അത് സാധ്യമാകുന്നത് നമ്മുടെ കഴിവിലൂടെയല്ല മറിച്ചു  പരിശുദ്ധാത്മാവിന്റെ ദാനമായ വിശ്വാസത്തിലൂടെയാണ്. കത്തോലിക്കാ സഭ കഴിഞ്ഞ ഒരു വർഷക്കാലം വിശ്വാസവർഷമായി ആചരിച്ചു. നമ്മൾ വിശ്വാസത്തിൽ എത്രമാത്രം വളർന്നുവെന്ന് വിചിന്തനം ചെയ്യുവാനുള്ള ഒരവസരം കൂടിയാകട്ടെ പിറവിത്തിരുന്നാളിനു ഒരുക്കമായുള്ള ഈ ദിവസങ്ങൾ. 

…………………………………….വിശ്വാസം…………………………………….

വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്. (ഹെബ്രായർ 11 / 1 )


മറ്റു ദിവസങ്ങളിലെ ചിന്തകൾ കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഡിസംബർ 1 ക്രിസ്തുമസ് ചിന്തകൾ -1 - കൊളൊസ്സെയം - ഹൃദയതുറവി
ഡിസംബർ 2  ക്രിസ്തുമസ് ചിന്തകൾ - 2 - സത്യത്തിന്റെ വായ്‌മുഖം (Bocca della Verità)-ഹൃദയവിശുദ്ധി 
ഡിസംബർ 3 ക്രിസ്തുമസ് ചിന്തകൾ - 3 - ബെർലുസ്കോണി - തിരിച്ചറിവ് 

ഫോട്ടോകൾ: കടപ്പാട് - ഗൂഗിൾ ഇമേജ് 

Tuesday, December 3, 2013

ക്രിസ്തുമസ് ചിന്തകൾ - 3 - ബെർലുസ്കോണി

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു.നന്ദി
രോ രാജ്യത്തെക്കുറിച്ചു ചിന്തിക്കുന്പോഴും നമ്മുടെ മനസ്സിലേക്ക് ചില കാര്യങ്ങൾ കടന്നു വരാറുണ്ട്. അത് ആ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ചില നല്ലതും ചീത്തയുമായ കാര്യങ്ങളാവാം. ഇതിനെ 'സ്ട്ടീരിയൊറ്റൈപ്പ്' എന്നാണു ഇംഗ്ലീഷ് ഭാഷയിൽ വിളിക്കുന്നത്‌. ഇറ്റലിയെപ്പറ്റി ചിന്തിക്കുന്പോൾ അതിനെ പ്രതിനിധീകരിക്കുന്ന ലോകപ്രശസ്തമായ നാല് കാര്യങ്ങളുണ്ട്, പിസ്സ, സ്പഗേത്തി, വാധ്യോപകരണമായ മന്ദൊലീനൊ, മാഫിയാ എന്നിവ.  അവസാനം പറഞ്ഞ രണ്ടു കാര്യങ്ങൾ ഇറ്റലിയിൽ അപൂർവ്വമായി കാണുന്ന കാര്യങ്ങളാണ് എന്നതാണ് സത്യം. എന്നാൽ പലപ്പോഴും ഇറ്റലിയെപ്പറ്റി ഓർക്കുന്പോൾ ഇവയെക്കാളുപരി മനസ്സിലേക്ക് കടന്നു വരുന്ന ഒരു നെഗറ്റിവ് കഥാപാത്രമുണ്ട്, ലോകപ്രശസ്തനായ ഇറ്റാലിയൻ രാഷ്ട്രിയക്കാരൻ ബെർലുസ്കോണി. 




ബിസിനസ്സിലും(മിഡിയ സെറ്റ് ചാനലിന്റെയും മിലാൻ ഫുട്ബോൾ ക്ലബിന്റെയും ഉടമ) രാഷ്ട്രീയത്തിലും (ഫോർസ ഇറ്റാലിയ പാർട്ടിയുടെ   പ്രസിഡണ്ട്‌) ഒരേ പോലെ തന്റെ കഴിവ് തെളിയിച്ച അദ്ദേഹത്തിൻറെ വളർച്ച പെട്ടെന്നായിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി സ്ഥാനം പോലും ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം നേടിയെടുത്തു. പ്രശസ്തി ഉയരും തോറും മറുവശത്ത് ധാർമ്മികത അദ്ദേഹത്തിൻറെ ജീവിതത്തിൽ കുറഞ്ഞു വന്നു. കുടുംബ ഭദ്രതയെയും കുടുംബ മൂല്യങ്ങളെയും ഉയർത്തിക്കാണിച്ചു തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം പിന്നിട് വിവാഹമോചനം നേടിയത് രണ്ടു പ്രാവശ്യം, ഇപ്പോഴാകട്ടെ സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കു‌ടെ കഴിയുന്നു. രാഷ്ദ്രീയത്തിൽ പണവും സ്വാധീനവും കൊണ്ട് വിജയകൊടി പാറിച്ച ബെർലിസ്കോണി സ്വയം വിശേഷിപ്പിക്കുന്നത് ഇറ്റലിയുടെ രക്ഷകനായിട്ടാണ്. നികുതിവെട്ടിപ്പിലും ലൈംഗികചൂഷണതിനും കോടതി അദ്ദേഹത്തെ ശിക്ഷിച്ചു, ഒരാഴ്ച്ചമുന്പു ഭൂരിപക്ഷ വൊട്ടിലൂടെ സെനറ്റ് അദ്ദേഹത്തെ പുറത്താക്കി. ഇതുപോലെ ഉയർച്ചയിൽ നിന്നും താഴേക്ക്‌ കൂപ്പികുത്തി വീണ പല വ്യക്തികളെയും സമൂഹത്തിൽ നാം കണ്ടുമുട്ടാറുണ്ട്. ബൈബിളിലും നാം ഇപ്രകാരമുള്ള അധ:പതനങ്ങൾ നാം കാണുന്നുണ്ട്, പഴയ നിയമത്തിൽ കാണുന്ന സാവൂൾ രാജാവ് അതിനൊരു ഉദാഹരണമാണ്. 



പിറവിത്തിരുന്നാളിനോരുങ്ങുന്പോൾ നാം യഥാർത്ഥ രക്ഷകനെ അറിഞ്ഞു സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. അത് സ്വയം പ്രഖ്യാപിച്ചതോ മനുഷ്യരാൽ തെരഞ്ഞെടുക്കപ്പെട്ടതോ ആയ ഒരു രക്ഷകനെയല്ല മറിച്ചു ദൈവദൂതന്മാരായ മാലാഖാമാർ ആട്ടിടയർക്ക് കാണിച്ചു കൊടുത്ത രക്ഷകനെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ. ചിലപ്പോൾ പുൽകൂട്ടിൽ പിറന്ന രക്ഷകന്റെ സ്ഥാനത്ത് അറിയാതെയെങ്കിലും നമ്മുടെ ചുറ്റും കാണുന്നവരെയോ വസ്തുക്കളെയോ നാം പ്രതിഷ്ടിച്ച്ചുട്ടുണ്ടായിരിക്കാം. പണത്തെ ഏക രക്ഷാമാർഗ്ഗമായി കണ്ടു അത് സന്പാദിക്കുവാൻ ലോകരക്ഷകനായ ഈശോയെ തള്ളി പറഞ്ഞു സാത്താൻ സേവ ചെയ്യുന്ന എത്രയോ വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്. ദൈവത്തിനും ദൈവിക കാര്യങ്ങൾക്കും നല്കേണ്ട പ്രാധാന്യം നല്കാതെ നമ്മുടെ സ്വന്തം കാര്യങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്പോളൊക്കെ  രക്ഷകനായ ദൈവത്തെക്കാൾ വലിയവനാക്കി നമ്മെ തന്നെ നാം പ്രതിഷ്ടിക്കുകയാണ്. എന്നാൽ ഈശോ വളരെ വ്യക്തമായി പറയുന്നു "തന്നെ താൻ ഉയർത്തുന്നവൻ താഴ്‌ത്തപ്പെടും തന്നെ താൻ താഴ് ത്തുന്നവനോ ഉയർത്തപ്പെടും. 

………………………...തിരിച്ചറിവ് …………………………….

"ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമ്മുക്ക് രക്ഷക്കുവേണ്ടി മറ്റൊരു നാമവും നല്കപെട്ടിട്ടില്ല"(അപ്പ. 4/12)


മറ്റു ദിവസങ്ങളിലെ ചിന്തകൾ കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഡിസംബർ 1 ക്രിസ്തുമസ് ചിന്തകൾ -1 - കൊളൊസ്സെയം - ഹൃദയതുറവി
ഡിസംബർ 2  ക്രിസ്തുമസ് ചിന്തകൾ - 2 - സത്യത്തിന്റെ വായ്‌മുഖം (Bocca della Verità)-ഹൃദയവിശുദ്ധി 
ഡിസംബർ 4  ക്രിസ്തുമസ് ചിന്തകൾ - 4 - മൈക്കൾ ആഞ്ചലോ - വിശ്വാസം 

ഫോട്ടോകൾ: കടപ്പാട് - ഗൂഗിൾ ഇമേജ് 

Monday, December 2, 2013

ക്രിസ്തുമസ് ചിന്തകൾ - 2 - സത്യത്തിന്റെ വായ്‌മുഖം (Bocca della Verità)

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു.നന്ദി


റോം നഗരത്തിന്റെ ഭംഗി ആസ്വദിക്കാനും സംസ്കാരം അറിയുവാനും എത്തുന്ന ഒരു വ്യക്തി ഉറപ്പായും സന്ദർശിക്കേണ്ട  സ്ഥലമാണ് 'സത്യത്തിന്റെ വായ്‌മുഖം' (Bocca della Verità ). റോമിലെ സാന്റാ മരിയ ഇൻ കൊസ്മെടിൻ പള്ളിയുടെ സമീപത്തുള്ള ഒരു ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന അതിപുരാതനമായ, മനുഷ്യമുഖത്തോടുകൂടിയ വൃത്താകൃതിയിലുള്ള  ഒരു മാർബിളിനെയാണ് 'സത്യത്തിന്റെ വായ്‌മുഖം' (Bocca della Verità - മുകളിൽ ഫോട്ടോയിൽ കാണുന്നത് ) എന്ന് വിളിക്കുന്നത്‌. ഈ മാർബിൾ കഷണത്തെ ചുറ്റിപറ്റി അനേകം ഐതിഹ്യങ്ങൾ റോമിൽ ഇന്നും നിലനിൽക്കുന്നു. മദ്ധ്യകാലഘട്ടം മുതൽ ശക്തിയാർജിച്ച ഒരു ഐതിഹ്യമാണ് അതിൽ കൂടുതൽ അറിയപ്പെടുന്നത്. 

കുടുംബ ജീവിതത്തിൽ പുലർത്തേണ്ട പരസ്പര വിശ്വാസത്തിനും വിശുദ്ധിക്കും കോട്ടം തട്ടുന്ന രീതിയിൽ എന്തെങ്കിലും ഭാര്യയുടെയോ ഭർത്താവിന്റെയോ പക്കൽ നിന്നുണ്ടാവുകയോ ഒരാൾ സമൂഹത്തോടു നുണ പറയുകയോ ആണെങ്കിൽ  അത് തെളിയിക്കുവാൻ നടത്തുന്ന ഒരു കർമ്മമായി, പരസ്യമായിഈ 'സത്യത്തിന്റെ വായ്‌മുഖത്തിൽ' കുറ്റാരോപിതനായ വ്യക്തി  കൈ പ്രവേശിപ്പിക്കേണ്ടിയിരുന്നു. സത്യത്തിനു എതിരായ് എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ മാർബിൾ വായ് അടയപ്പെടുകയും കൈ ചേദ്ദിക്കപ്പെടുകയും ചെയ്യ്മെന്നായിരുന്നു ഐതിഹ്യം.  



പിറവിത്തിരുന്നാളിനു ഒരുങ്ങുന്പോൾ നമ്മളും ഒരു അഗ്നിശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. അത് വിഴുങ്ങുവാൻ ഒരുങ്ങി നില്ക്കുന്ന ഒരു വാഴ്ത്തടത്തിലല്ല മറിച്ചു കരുണയുടെ കുന്പസാരക്കൂട്ടിൽ. കാഠിന്യമേറിയ നമ്മുടെ പാപങ്ങളെ പോലും നിഷ്പ്രയാസം ഉരുക്കിക്കളഞ്ഞു നമ്മെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യത്തിന്റെ മുൻപിൽ   നല്ല ഒരുക്കത്തോടുകൂടിയുള്ള ഒരു കുന്പസാരം. ദൈവത്തിന്റെ ക്ഷമക്ക് അതിരുകളില്ല. "നമ്മോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുപ്പ് കാണിക്കുന്നില്ല മറിച്ചു  നമ്മളാണ് പലപ്പോഴും ദൈവകാരുണ്യം അപേക്ഷിക്കുവാൻ മടി കാണിക്കുന്നത്" എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ നമുക്കോർക്കാം. നമ്മുടെ പുറം മോടിയേക്കാൾ നമ്മുടെ ഹൃദയത്തെക്കാണുന്ന ദൈവത്തിന്റെ മുൻപിൽ മറച്ചു വയ്‌ക്കാൻ നമ്മുക്കൊന്നുമില്ലല്ലോ.    ഹൃദയത്തിന്റെ തുറവിയിൽ നിന്ന് ഹൃദയ വിശുദ്ധിയിലേക്ക്…. 



നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 
(1 യോഹ. 1/9)

മറ്റു ദിവസങ്ങളിലേതു കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക  

Sunday, December 1, 2013

ക്രിസ്തുമസ് ചിന്തകൾ -1 - കൊളൊസ്സെയം

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു.നന്ദി


രിത്രം ഉറങ്ങുന്ന റോം നഗരം ഈ ഡിസംബർ മാസത്തിൽ കൂടുതൽ  സുന്ദരമാവുകയാണ്. ആൽപ്സ് പർവ്വത നിരകളെ തഴുകിയെത്തുന്ന ശിതക്കാറ്റും റോമൻ ഹൃദയ സ്പന്ദനങ്ങൾ  അനുഭവിച്ച് ഒഴുകുന്ന ടൈബർ നദിയും ദീപാലങ്കാരങ്ങളാൽ പ്രശോഭിതമായ വഴിയോരങ്ങളും തെരുവീഥികളിൽ ഉയരുന്ന വർണ്ണശബളമായ ക്രിസ്തുമസ്സ് ഓഫർ പരസ്യങ്ങളും വത്തിക്കാൻ ചത്വരത്തിൽ ഒരുങ്ങുന്ന പടുകൂറ്റൻ പുൽക്കൂടും ഒബ്ലിസ്കിനോട് ഉയരത്തിൽ കിടപിടിക്കുന്ന ക്രിസ്തുമസ് ട്രിയുമെല്ലാം അതിലേക്കു വിരൽ ചൂണ്ടുന്നു. 




ലോകരക്ഷകനായ പൊന്നുണ്ണിക്ക് ഹൃദയമൊരുക്കാൻ നമ്മുക്കിനി വിലപ്പെട്ട 24 ദിവസങ്ങൾ. ആഗോള കത്തോലിക്കാ സഭയുടെ ഈറ്റില്ലമായ റോമിൽ ഓരോ ക്രിസ്തുമസ്സും എന്തെങ്കിലും പുതുമ കൊണ്ടുവരുന്നത് പതിവാണ്. ഇപ്രാവശ്യം അതിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു പാപ്പാമാരുടെ കൂടെയുള്ള ക്രിസ്തുമസ്സ് ആഘോഷം തന്നെ. സമൂഹത്തിൽ പ്രത്യക്ഷപെടാതെ തന്റെ പ്രാർതനയിലൂടെ സഭയെയും സഭയുടെ ഇടയനായ ഫ്രാൻസിസ് പാപ്പായെയും വിശ്വാസ സമൂഹത്തെയും ശക്തിപെടുത്തുന്ന ബനടിക്റ്റ് എമിരിത്തൂസ് പാപ്പ, സമൂഹത്തിലെക്കു ഇറങ്ങിച്ചെന്നു മുഖച്ച്ചായ നഷ്ടപെട്ടവരെയും അവഗണിക്കപ്പെട്ടവേരെയും ആശ്ലേഷിക്കുന്ന ഫ്രാൻസിസ് പാപ്പാ, ഇവരോടോപ്പമുള്ള ക്രിസ്തുമസ്സ് സുദിനങ്ങൾ, ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു ക്രിസ്തുമസ്സിനു സാക്ഷ്യം വഹിക്കുവാനൊരുങ്ങുകയാണ് കത്തോലിക്ക സഭാ മക്കൾ. 

കൊളൊസ്സെയം 



റോമൻ ചരിത്രത്താലുകളിൽ സുവർണ്ണ ലിപികളിൽ കോറിയിട്ടിരിക്കുന്ന കൊളൊസ്സെയത്തിൽ നിന്നും തുടങ്ങാം ഈ എളിയ ക്രിസ്തുമസ്സ് ചിന്തകൾ. റോമൻ സംസ്കാരത്തിന്റെ തന്നെ പ്രതിബിംബമായാണ് എല്ലാവരും കൊളൊസ്സെയത്തെ കാണുന്നത്. നീറോ ചക്രവർത്തിയിൽ നിന്നും ഭരണം പിടിച്ചെടുത്ത വെസ്പാസ്യൻ ചക്രവർത്തിയുടെ (ഭരണകാലം എ.ഡി. 69 - 79)മനസ്സിൽ ഉദിച്ച ആശയമാണ് ഉല്ലാസിത്തിനായുള്ള ഒരു വലിയ ആംപിതീയട്ടർ.  അദ്ദേഹത്തിൻറെ പിൻഗാമിയായ റ്റിറ്റസ് ചക്രവർത്തി എ.ഡി. 80 ൽ അത് പൂർത്തിയാക്കി റോമൻ ജനത്തിനായി തുറന്നു. കൊളൊസ്സെയത്തിന്റെ ചരിത്രത്തെക്കാൾ ഉപരി അതിൽ ശ്രദ്ധിച്ച ഒരു പ്രത്യേകതെയെ ക്കുറിച്ചു എഴുതുവാനാണ് ആഗ്രഹിക്കുന്നത്. കൊളൊസ്സെയത്തിൽ ശ്രദ്ധിച്ച ഒരു പ്രത്യേകതയാണ് തുറന്നുകടക്കുന്ന, വായുസഞ്ചാരമുള്ള അനേകം വിശാലമായ വാതിലുകളും ജനലുകളും. ആരുടെ മുന്പിലും കൊട്ടിയടക്കപെടാത്ത, എല്ലാവരെയം ഉൾകൊള്ളുന്ന ഒരു ഹൃദയം പോലെ. 

പരിശുദ്ധ അമ്മയും ഇതുപോലെയായിരുന്നു, ദൈവിക ഇടപെടലിന് സ്വയം തുറന്നുകൊടുത്തവൾ, പരിശുദ്ധാത്മാവിനു ഹൃദയത്തിൽ വാസം നൽകിയവൾ, മിശിഹാ തന്പുരാനെ ഉദരത്തിൽ വഹിച്ചവൾ.  ദൈവത്തിന്റെ മുൻപിൽ ഹൃദയം തുറന്നു സ്ത്രോത്രഗീതം ആലപിച്ചു, "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു…"(ലൂക്കാ 1:46-48) പിറവിത്തിരുന്നാളിനു ഒരുക്കമായുള്ള ഈ ദിവസങ്ങളിൽ അത്യാവശ്യമായി കരുതേണ്ട ഒന്ന് അത് തന്നെ - തുറവിയുള്ള ഹൃദയം. ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും ഒരേപോലെ തുറവിയുള്ള ഒരു ഹൃദയം.



സമൂഹത്തിന്റെ മുൻപിൽ പ്രത്യക്ഷപെടാൻ പോലും മടിച്ചിരുന്ന അഥവാ ഭയന്നിരുന്ന രണ്ടു വ്യക്തികൾ സെന്റ്‌ പീട്ടെഴ്സ് സ്ക്വയറിൽ അനേകായിരങ്ങളുടെ നടുവിൽ നിർഭയം നിന്നെതെന്തുകൊണ്ട്? ഉറപ്പായിട്ടും അതിലെ കടന്നുപോകുന്ന ഒരു വ്യക്തിയിലെ തുറവിയുള്ള ഹൃദയം കണ്ടത് കൊണ്ടാണ്.


മറ്റു ദിവസങ്ങളിലേതു കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഡിസംബർ 2  ക്രിസ്തുമസ് ചിന്തകൾ - 2 - സത്യത്തിന്റെ വായ്‌മുഖം (Bocca della Verità)

ഡിസംബർ 3 ക്രിസ്തുമസ് ചിന്തകൾ - 3 - ബെർലുസ്കോണി - തിരിച്ചറിവ് 

ഡിസംബർ 4  ക്രിസ്തുമസ് ചിന്തകൾ - 4 - മൈക്കൾ ആഞ്ചലോ - വിശ്വാസം 


ഫോട്ടോ: കടപ്പാട് - ഗൂഗിൾ ഇമേജ്