Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Saturday, December 31, 2022

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട 'വത്തിക്കാനിലെ യൗസ്സേപ്പിതാവ്'

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട 'വത്തിക്കാനിലെ യൗസ്സേപ്പിതാവ്'

1927ലെ ദുഃഖശനിയാഴ്ച (ഏപ്രിൽ 16) രാവിലെയാണ് ജർമ്മനിയിലെ മാർക്ടല് അം ഇന്നിൽ ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപ്പാപ്പ ജനിച്ചത്. അതേ ദിവസം തന്നെ വീടിനടുത്തു സ്ഥിതി ചെയ്യുന്ന ഇടവകദൈവാലയത്തിൽ വച്ച് അദ്ദേഹത്തിന് മാമ്മോദീസാ നൽകി. ജോസഫ് എന്ന നാമം മാമ്മോദീസാവേളയിൽ സ്വീകരിച്ച അദ്ദേഹം ആ നാമത്തോട് ജീവിതകാലം മുഴുവൻ നീതി പുലർത്തുകയുണ്ടായി. 

കഴിഞ്ഞ വർഷം ജനുവരിയിൽ മാർപാപ്പമാരുടെ വേനൽക്കാല വസതിയായിരുന്ന കാസൽ ഗണ്ടോൾഫോ സന്ദർശിച്ചപ്പോൾ മാർപാപ്പയുടെ മുറിയുടെ സൂക്ഷിപ്പിക്കാരൻ, ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപാപ്പയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നു. മാർപ്പാപ്പയുടെ ലാളിത്യത്തെക്കുറിച്ചും എളിമയെക്കുറിച്ചും സ്ഥാനത്യാഗത്തിന്റെ മുമ്പും, ശേഷവുമുളള വേനൽക്കാലവസതിയിലെ അദ്ദേഹത്തിന്റെ താമസത്തെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. എന്നാൽ, ഇതിനിടയിൽ തന്റെ ശബ്ദം ഇടറുന്നതും കണ്ണുകൾ ഈറനണിയുന്നതും അദ്ദേഹത്തിന് ഒളിപ്പിക്കാനായില്ല.

 സഭാദർശനങ്ങളിലൂടെയും പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ ബനഡിക്ട് പതിനാറാമൻ മാർപാപ്പ, 1927ലെ ദുഃഖശനിയാഴ്ച (ഏപ്രിൽ 16), ജർമ്മനിയിലെ മാർക്ടല് അം ഇന്നിലാണ് ജനിച്ചത്. 
ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ൽ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങർ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അദ്ധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾസംഘത്തിൻറെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു.  

കത്തോലിക്കാസഭയിലെ 265-)o മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കാർഡിനൽ റാറ്റ്സിങ്ങർ, -ബനഡിക്ട്- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അർത്ഥം ‘അനുഗ്രഹിക്കപ്പെട്ടവൻ’ എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. 
കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന തന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബത്തെ ഭരമേല്പ്പിച്ചതുപോലെ യൗസേപ്പ് നാമധാരിയായ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കൈകളിൽ ദൈവം തിരുസ്സഭയെ ഭരമേല്പിച്ചു. യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബം എപ്രകാരം ഭദ്രമായിരുന്നോ അപ്രകാരം തന്നെ ബനഡിക്ട് പതിനാറമൻ മാർപ്പാപ്പയുടെ കരങ്ങളിൽ കത്തോലിക്കാസഭയും ഭദ്രമായിരുന്നു. തിരുസ്സഭയ്ക്കുളളിലും പുറത്തും ഉടലെടുത്ത കാറും കോളുമെല്ലാം ദൈവാശ്രയത്തിലൂന്നി അദ്ദേഹം തരണം ചെയ്തു. വിശുദ്ധ യൗസേപ്പിനെപ്പോലെ, നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുളള കഴിവും സമ്മേളിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബനഡിക്ട് പതിനാറമൻ മാർപ്പാപ്പ. അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം, സഭയുടെ ഉപരിനന്മയ്ക്കായി ഏറ്റവും ഉചിതമായ സമയത്ത് ത്യജിച്ചുക്കുവാനും, അതുവഴി തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റാകുവാനും അദ്ദേഹത്തിന് സാധിച്ചത്. 

ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബനഡിക്ട് മാർപാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തൻറെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുളളു. 1294ൽ രാജിവെച്ച ചെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പയായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് അറിയപ്പെടുന്നു.
സ്ഥാനത്യാഗത്തിനുശേഷം കാസൽ ഗണ്ടോൾഫോയിലേക്ക് ബനഡിക്ട് മാർപാപ്പ ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിന്റെയും പിൻബലത്തിൽ ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. തന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്കാസഭക്കുവേണ്ടിയും, അതിന്റെ ഇടയനും തന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പക്കുവേണ്ടിയും പ്രാർത്ഥനയിൽ മുഴുകി വിശ്രമജീവിതം നയിച്ച ബനഡിക്ട് എമിരിത്തൂസ് മാർപാപ്പ 2022 ഡിസംബർ 31നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കത്തോലിക്കാസഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളും നീതിബോധത്തിന്റെ ഉദാത്ത മാതൃകയും ദൈവഹിതത്തിന്റെ നിതാന്ത അന്വേഷിയുമായ യൗസേപ്പ് പാപ്പാ(ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപ്പാപ്പ) പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തങ്ങളോടൊപ്പം ഇല്ല എന്ന വാർത്ത വിശ്വാസികളെ കണ്ണീരിലാഴ്ത്തുന്നുണ്ട്. 

✍️Fr.Mathew (Jinto) Muriankary
http://www.mathewjmuriankary.in

Monday, July 4, 2022

ഫ്രാൻസിസ് എന്ന നാമം മാർപ്പാപ്പ സ്വീകരിക്കാൻ കാരണക്കാരനായ കർദ്ദിനാൾ ക്ലൗദിയൊ ഹമ്മെസ് യാത്രയായി.



2013 ൽ നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ തെരഞ്ഞെടുപ്പിനുശേഷം ഏറെ ചർച്ചാവിഷയമായ ഒന്നാണ് അദ്ദേഹം തെരഞ്ഞെടുത്ത പേര്. തിരുസ്സഭയിൽ 3 പ്രധാനപ്പെട്ട ഫ്രാൻസിസ് നാമധാരികളായ വിശുദ്ധരുണ്ട്, ഈശോ സഭക്കാരനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ, പാവങ്ങളുടെ വിശുദ്ധനെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, വിശുദ്ധ ഫ്രാൻസിസ് ദി സാലെസ്. ഇവരിൽ ആരുടെ നാമമായിരിക്കും ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തത്? ഈ ചോദ്യത്തിന് അദ്ദേഹം തന്നെ 2013 മാർച്ച് പതിനാറാം തീയതി പത്രമാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ വിരാമമിട്ടു. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, അതായിരുന്നു അദ്ദേഹത്തിൻറെ ഉത്തരം.

അത് തെരഞ്ഞെടുക്കുവാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. കൊണ്ക്ലെവിലെ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനു ആവശ്യമായ ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചു കഴിഞ്ഞപ്പോൾ അടുത്തിരുന്ന ബ്രസീലിലെ സാൻ പൗളോയിലെ മുൻ ആർച്ച്ബിഷപ് ക്ലൗദിയൊ ഹമ്മെസ് ഒരുകാര്യം മാത്രം പുതിയ പാപ്പായോടു കൂട്ടുകാരനടുത്ത സ്വാതന്ത്ര്യത്തോടെ പറഞ്ഞു 'പാവങ്ങളെ ഒരിക്കലും മറക്കരുത്'. ഈ വാചകം അദ്ദേഹത്തെ വളരെയധികം സ്പർശിച്ചു. അങ്ങനെ പാവങ്ങളിൽ പാവമായി ജീവിച്ച സമാധാനത്തിൻറെ സന്ദേശമായിരുന്ന ഫ്രാൻസിസ് അസ്സീസ്സിയുടെ പേര് തന്നെയാണ് യുദ്ധങ്ങളാലും പട്ടിണിയാലും ക്ലേശമനുഭവിക്കുന്ന ഈ ലോകത്തിൽ മിശിഹായുടെ ദാസന്മാരിൽ ദാസനായി ശുശ്രുഷ നിർവഹിക്കേണ്ട മാർപാപ്പക്കു അനുയോജ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്മൂലം അദ്ദേഹം തിരുസ്സഭയുടെ ചരിത്രത്തിൽ ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുന്ന ആദ്യത്തെ മാർപാപ്പയായി.

തെരഞ്ഞെടുപ്പിനുശേഷം ഫ്രാൻസിസ് മാർപ്പാപ്പ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോൾ കർദ്ദിനാൾ ക്ലൗദിയൊ ഹമ്മെസ് അദ്ദേഹത്തിൻറെ ഇടത് വശത്തുണ്ടായിരുന്നു. പാവങ്ങളുടെ സംരക്ഷകൻ എന്ന് പേരുളള കർദ്ദിനാളിൻറെ സ്ഥാനികചിഹ്നം "Omnes vos fratres" ("All you brothers") ഫ്രാൻസിസ് അസ്സീസിയുടെ 'എല്ലാവരും സഹോദരന്മാർ' എന്ന വാചകത്തിൽ നിന്നും സ്വീകരിച്ചതാണ്. മാർപ്പാപ്പയുടെ Fratelli tutti എന്ന എൻസൈക്ലിക്കലും ഇതിൽ നിന്നും രൂപം കൊണ്ടതാണ്.

ബ്രസീലിലെ മോന്തെ നേഗ്രോയിൽ 1934 ലാണ് കർദ്ദിനാൾ ക്ലൗദിയൊ ഹമ്മെസ് ജനിച്ചത്. 2001 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്കുയർത്തി. ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയെ തെരഞ്ഞെടുത്ത 2005 ലെ കോൺക്ലേവിലും അദ്ദേഹം സന്നിഹിതനായിരുന്നു. വൈദികർക്കുള്ള കോൺഗ്രിഗേഷന്റെ പ്രീഫക്ട് ആയി ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ 2006 ൽ നിയമിച്ചു. എന്നാൽ പ്രായാധിക്യം മൂലം 2010 ൽ തൽസ്ഥാനം രാജിവെച്ചു. എന്നാലും ആമസോൺ സിനഡിലെ അദ്ദേഹം നല്കിയ പ്രധാനപ്പെട്ട സംഭാവനകൾ പരിഗണിച്ച് 2020 ജൂൺ 29-ന് അദ്ദേഹം ആമസോൺ സഭാ സമ്മേളനത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ജൂലൈ 4-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

റോമിലെ ചങ്ക് ബ്രദേഴ്സ്



Thursday, April 21, 2022

നിത്യനഗരത്തിന്റെ ഉത്ഭവം

  നിത്യനഗരം’ അഥവാ അനശ്വരനഗരം’ എന്ന് അറിയപ്പെടുന്ന ഇറ്റാലിയൻ തലസ്ഥാനനഗരിയായ റോംഅതിന്റെ 2775-)ം ജന്മദിനം ഏപ്രിൽ 21ന് ആഘോഷിക്കുകയാണ്. പുരാതന റോമിലെ പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മാർക്കോ ടെറെൻത്സിയോ വറോണെ (116-27 BC), അദ്ദേഹത്തിന്റെ സുഹൃത്ത്ലൂച്ചോ തരുസിയോ നടത്തിയ ജ്യോതിഷശാസ്ത്ര നിഗമനങ്ങളെ അടിസ്ഥാനമാക്കി നിശ്ചയിച്ച തീയതിയാണിത്. റോമൻ ഐതിഹ്യമനുസരിച്ച് ബിസി 753ൽ പാലറ്റൈൻ കുന്നിൽ റോമൊളോയാണ് ഈ നഗരം പണി കഴിച്ചത്. റിയ സിൽവിയയുടെയും ചൊവ്വാദേവന്റെയും മക്കളായ ഇരട്ട സഹോദരങ്ങളായ റോമൊളോയെയും റെമോയെയുംഅവരുടെ അമ്മടൈബർ നദീതീരത്ത് ഉപേക്ഷിച്ചുവെന്നുംതുടർന്ന് ഒരു ചെന്നായയുംപിന്നീട്ഫൗസ്തോളോ എന്ന ആട്ടിടയനും അദ്ദേഹത്തിന്റെ ഭാര്യയും അവർക്ക് സംരക്ഷണമേകി വളർത്തിയെന്നും ഈ ഐതിഹ്യത്തിൽ വിവരിക്കുന്നു. കൂടാതെനഗരനിർമ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിൽ റോമൊളോ തന്റെ ഇരട്ട സഹോദരനെ കൊലപ്പെടുത്തിയെന്നുംപിന്നീട്തന്റെ പ്രവൃത്തിയിൽ ദുഃഖിതനായിതാൻ രൂപകൽപനചെയ്ത നഗരത്തിന്സഹോദരനായ റെമോയുടെ ഓർമ്മക്കായി, 'റോമാഎന്ന് പേര് റോമൊളോ നല്കിയെന്നും ഈ ഐതിഹ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്.

മറ്റൊരു പാരമ്പര്യമനുസരിച്ച്ടൈബർ നദി എത്രൂസ്കൻ ഭാഷയിൽ റുമോൺ’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നുംഅതിൽ നിന്നും നഗരത്തിന് റോമാ എന്ന പേര് ലഭിച്ചെന്നും പറയപ്പെടുന്നു. റോമൊളോയെയും റെമോയെയും പാലൂട്ടി വളർത്തി എന്ന്ഐ തിഹ്യത്തിൽ പറയുന്ന ചെന്നായയിൽ നിന്നു റോമിന് പേര് വന്നു എന്നതാണ് മറ്റൊരു പാരമ്പര്യത്തിൽ കാണുന്നത്. കാരണം സ്തനത്തിന് എത്രൂസ്കൻ ഭാഷയിൽ റൂമാ’ എന്നാണ് അറിയപ്പെട്ടിരുന്നത്.



ഇരട്ടസഹോദരങ്ങളെ ഒരു ചെന്നായ പാലൂട്ടുന്ന രീതിയിൽ രൂപകല്പ്ന ചെയ്ത റോമിലുളള പ്രതിമറോമൻ ചരിത്രത്തിന്റെ സ്മരണയായി എല്ലാവരും കരുതിപ്പോരുന്നു. റോമിലെ പ്രശസ്ത ഇറ്റാലിയൻ ഫുഡ്ബോൾ ക്ലബായ എ.എസ്. റോമായുടെ പതാകയിലും ഈ ചെന്നായയുടെയുംറോമൊളോ-റെമോ സഹോദരന്മാരുടെയും ചിത്രമുണ്ട്.


ലോകചരിത്രത്തിലൂടെ കണ്ണോടിക്കുമ്പാൾറോമിനെ കൂടാതെഇസ്രയേലിലെ ജറുസലേം നഗരവുംജപ്പാനിലെ ക്യോട്ടോ നഗരവും, -നിത്യനഗരം- എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി കാണുവാൻ സാധിക്കും. എന്നാൽറോം നഗരം മാത്രമാണ് ഇന്നും ആ പേര് നിലനിർത്തുന്നത്. ലാറ്റിൻ കവി ആൽബിയോ തിബുള്ളോയുടെ പ്രസിദ്ധ കൃതിയായ ലെ എലെജിയയിൽ ഇപ്രകാരം എഴുതിയിരിക്കുന്നുഃ “Romulus Aeternae nondum formaverat Urbis moenia”, ..ഇതിനെ വാക്യാർത്ഥത്തിൽ ഇപ്രകാരം തർജ്ജിമ ചെയ്യാം... റോമുലസ് നിത്യ നഗരത്തിൻറെ മതിലുകൾ ഉയർത്തി”. ഇതാണ്റോമുളസ് റോമാനഗരം പണിതു എന്നതിൻറെ തെളിവായി കാണിക്കുന്നത്. എന്നാൽ ഈ പ്രസ്താവനയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വർഷങ്ങളായി വിവിധ സംവാദങ്ങളും വ്യത്യസ്ത ചിന്താഗതികളും ഉണ്ടായിട്ടുണ്ട്. എങ്കിലും റോമിലെ പാലറ്റൈൻ കുന്നിലെ ഗവേഷണത്തിൽ നിന്നും ഖനനത്തിൽനിന്നും ലഭിച്ച ഏതാനും തെളിവുകൾ റോമാ നഗരത്തിന്റെ ബി.സി ഏഴാം നൂറ്റാണ്ടിലെ നിർമ്മാണത്തിനെ സാധൂകരിക്കുന്നതാണ്. നീണ്ട വർഷങ്ങൾക്കുശേഷം, 1870 ഏപ്രിൽ 21 മുതലാണ് റോമിൻറെ ജന്മദിനാഘോഷങ്ങൾ വീണ്ടും പ്രചാരത്തിലായത്. എല്ലാ വർഷവും ഏപ്രിൽ 21നു ഉച്ചയ്ക്ക് നടക്കാറുളള ആഘോഷവേളയിൽറോമിലെ കാമ്പി ദ്ഓലിയോയിലുളള ഗോപുരത്തിന്റെ മണി മുഴക്കുന്ന പതിവുണ്ട്.


റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ കൊളോസ്സയവും പാന്തയോണും പോലുളള ശിൽപകലയും വാസ്തുവിദ്യയും സമ്മേളിക്കുന്ന അനേകം സ്മാരകങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്ന നഗരംകത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാൻ സിറ്റിയെ ഉളളിൽ ഒളിപ്പിച്ചിരിക്കുന്ന നഗരംമനോഹരങ്ങളായ ഫൗണ്ടനുകളാലുംവിപുലമായ ചത്വരങ്ങളാലുംവർണ്ണശബളമായ ടൈബർ നദിയുടെ തീരങ്ങളാലും അലങ്കരിക്കപ്പെട്ട നഗരംകത്തോലിക്കാസഭയുടെ തലവനായ മാർപാപ്പ മെത്രാനായുളള നഗരംഇറ്റലിയുടെ തലസ്ഥാനനഗരി എന്നിങ്ങനെ വിവിധ രീതിയിൽ പ്രശസ്തമായ റോമിന്റെ ജന്മദിനത്തിന് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ 2019 വരെ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽകൊറോണ വൈറസ് ഭീതിയിൽമാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ഒഴികെ മറ്റെല്ലാ ആഘോഷങ്ങളും റദ്ദുചെയ്തിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞതിനാൽ ഈ വർഷം വിവിധ കലാപരിപാടികൾ റോം മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഞാഴറാഴ്ച നടക്കുന്ന റോം ചരിത്രം പുനരാവഷ്കരിക്കുന്ന പ്രശസ്തമായ പരേഡാണ്. കൂടാതെഞായറാഴ്ചവരെ റോമിലെ വിവിധ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. 

✍️Fr.Mathew (jinto) Muriankary http://www.mathewjmuriankary.com

Saturday, April 2, 2022

"പിതാവിന്റെ ഭവനത്തിലേക്ക് പോകുവാൻ എന്നെ അനുവദിക്കൂ"

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് പതിനേഴ് വർഷം തികയുകയാണ്. "പിതാവിന്റെ ഭവനത്തിലേക്ക് പോകുവാൻ എന്നെ അനുവദിക്കൂ" എന്ന്  പോളണ്ട് ഭാഷയിൽ  ഉരുവിട്ടതിനുശേഷമായിരുന്നു മാർപാപ്പയുടെ വേർപാട്.

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ വിയോഗത്തോടെ സഭയിൽ ഉടലെടുത്ത അനാഥത്വം മാറ്റാൻ ദൈവം കനിഞ്ഞു നല്കിയ വ്യക്തിയാണ് രണ്ടുനൂറ്റുണ്ടുകളുടെ മധ്യത്തിൽ മാർപാപ്പയായിരിക്കാൻ ഭാഗ്യം ലഭിച്ച പോളണ്ടുകാരനായ കരോൾ വോയ്റ്റീല എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ. "എന്റെ ഇറ്റാലിയനിൽ കുറവുകളുണ്ട്, നിങ്ങൾ എന്നെ തിരുത്തുക" എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രഥമ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം  ഇറ്റലിക്കാരുടെ ഹൃദയത്തിൽ ഇടം നേടി. നീണ്ട ഇരുപത്തിയെട്ട് വർഷക്കാലത്തെ തന്റെ ഭരണകാലത്ത് കത്തോലിക്കാവിശ്വാസികളെ രണ്ടായിരാം ജൂബിലിവർഷത്തിലൂടെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്.

"ഭയപ്പെടേണ്ടതില്ല.. ക്രിസ്തുവിനായി നിങ്ങളുടെ വാതിലുകൾ വിശാലമായി തുറന്നിടുക" എന്ന് പറഞ്ഞ് വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളെ ധൈര്യപ്പെടുത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എളിമകൊണ്ടും ജീവിതലാളിത്യം കൊണ്ടും സൗഹൃദങ്ങൾകൊണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനായി.  അദ്ദേഹം, ലോകയുവജനസമ്മേളനത്തിൽ  യുവാക്കൾക്കൊപ്പം നൃത്തം ചെയ്തതിന്റെയും, വത്തിക്കാനിൽ വി. മദർ തെരേസയെ സ്വീകരിച്ചപ്പോൾ സ്നേഹചുംബനം നൽകിയതിൻറെയും ചിത്രങ്ങൾ ഇന്നും ആയിരങ്ങളുടെ ഹൃദയങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്നു.

സഭയുടെ സന്ദേശങ്ങളെ ലോകത്തെ അറിയിക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഫലവത്തായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ വളരെ പ്രാധാന്യത്തോടെ ഉത്ബോധിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. 2005 മാർച്ച് മുപ്പതാം തീയതി, മരണത്തിന് മൂന്ന് ദിവസം മുൻപ്, രോഗാസ്വസ്ഥകൾ സമ്മാനിച്ച കഠിനമായ വേദനകൾ ഉളളിലൊതുക്കി, വത്തിക്കാൻ ചത്വരത്തിൽ കൂടിയ വിശ്വാസികളെ അദ്ദേഹം ആശീർവ്വദിച്ച കാഴ്ച ലോകത്തിന് മുഴുവൻ ഹൃദയഭേദകമായിരുന്നു.

1920 മെയ് 18 ന് പോളണ്ടിൽ ജനിച്ച ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഏപ്രിൽ രണ്ടാം തീയതിയാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞത്. വത്തിക്കാനിലെ വി.പത്രോസിൻറെ ചത്വരത്തിൽ പൊതുദർശനത്തിനു വച്ച അദ്ദേഹത്തിൻറെ ഭൗതികശരീരം കാണുവാൻ ‘എത്രയും വേഗം അദ്ദേഹത്തെ വിശുദ്ധനാക്കണം’ എന്നെഴുതിയ പോസ്റ്ററുകളുമായി അനേകായിരങ്ങൾ കിലോമീറ്ററുകളോളം ക്യൂ നിന്നു. ഈ ക്യൂവിൽ സ്ഥാനം പിടിക്കാനായി തലേദിവസംതന്നെ റോമൻ തെരുവുകളിൽ കിടന്നുറങ്ങിയ യുവാക്കൾക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരിന്നുളളു, എത്ര കഷ്ടപ്പാട് സഹിച്ചാണെങ്ങിലും തങ്ങൾ നെഞ്ചിലേറ്റിയ ആ വലിയ മുക്കുവനെ, തങ്ങളോടൊപ്പം ലോകയുവജനസമ്മേളനങ്ങളിൽ നൃത്തം ചെയ്ത, പ്രാർത്ഥിച്ച, ഹൃദയത്തെ സ്പർശിക്കുന്ന സന്ദേശങ്ങൾ നല്കിയ തങ്ങളുടെ സ്വന്തം ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ അവസാനമായി ഒന്നുകൂടി കാണുക, ഒരു addio (good bye) പറയുക. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായ്ക്ക് വേണ്ടി തെരുവുകളിൽ ജപമാലചൊല്ലി പ്രാർത്ഥിച്ച് രാത്രിചിലവഴിച്ച യുവജനങ്ങൾ ആക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ലോകം മുഴുവനെയാണ്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ജനങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ആ കാഴ്ചകൾ.

2011 മെയ് ഒന്നാം തീയതി ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും 2014 ഏപ്രിൽ 27നു ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിൽ വച്ച് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മാർപ്പാപ്പയായിരുന്ന അഡ്രിയാൻ പതിനാറാമനുശേഷം ഇറ്റലിയുടെ പുറത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാർപ്പായായിരുന്നു വി. ജോൺ പോൾ രണ്ടാമൻ.
--
✍️Fr. Mathew (jinto) MuriankaryChirayil
Rome

Photo courtesy: Google Image